ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്കിന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ലിങ്ക് ഉള്‍പ്പെടെയുള്ള ആഗോള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി നേരിട്ടുള്ള മത്സരത്തിന് ഒരുങ്ങി റിലയന്‍സ് ജിയോ. ഇന്ത്യയ്ക്കായി ഒരു ലോ എര്‍ത്ത് ഓര്‍ബിറ്റ് സാറ്റലൈറ്റ് കോണ്സ്റ്റലേഷന് വികസിപ്പിച്ച് ഉപഗ്രഹ വാര്‍ത്താവിനിമയ രംഗത്തേക്ക് പ്രവേശിക്കാനുള്ള പദ്ധതികള്‍ ജിയോ പ്രഖ്യാപിച്ചു. നിലവില്‍ ആഗോള സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് വിപണിയില്‍ സ്റ്റാര്‍ലിങ്കാണ് മുന്‍പന്തിയില്‍. സ്റ്റാര്‍ലിങ്കിന് ഭ്രമണപഥത്തില്‍ ഏകദേശം 10,634 സജീവ ഉപഗ്രഹങ്ങളുണ്ട്. കൂടാതെ ലോകമെമ്പാടുമായി ഏകദേശം 12 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് അവര്‍ സേവനം നല്കുന്നു. ആമസോണിന്റെ സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് പ്രോജക്ടായ ‘പ്രോജക്റ്റ് കൈപ്പറിന്’ ഏകദേശം 367 ഉപഗ്രഹങ്ങളും ഭാരതി എന്റര്‍പ്രൈസസിന്റെ പിന്തുണയുള്ള ‘യൂട്ടല്‍സാറ്റ് വണ്‍വെബിന്’ ഏകദേശം 654 ഉപഗ്രഹങ്ങളുമുണ്ട്. ഫോണ്‍ കോളുകള്‍ക്കിടയില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്ന എഐ അസിസ്റ്റന്റായി ‘ജിയോ കോള്‍ ഏജന്റ്’ സേവനവും കമ്പനി പ്രഖ്യാപിച്ചു.
