രാജ്യത്തെ ടെലികോം മേഖലയില്‍ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും വന്‍ മുന്നേറ്റമാണ് നടത്തുന്നത്. ട്രായിയുടെ പുതിയ കണക്കുകള്‍ പ്രകാരം നവംബറില്‍ 25 ലക്ഷം മൊബൈല്‍ വരിക്കാരെയാണ് ഇരു കമ്പനികള്‍ കൂടി നേടിയത്. അതേസമയം വോഡഫോണ്‍ ഐഡിയയ്ക്ക് ഏകദേശം 18.27 ലക്ഷം ഉപഭോക്താക്കളെ നഷ്ടപ്പെടുകയും ചെയ്തു. റിലയന്‍സ് ജിയോ നവംബറില്‍ 14.26 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്തു. എയര്‍ടെല്‍ 10.56 ലക്ഷം പുതിയ ഉപയോക്താക്കളെയും ചേര്‍ത്തു. 2022 നവംബര്‍ അവസാനത്തോടെ ജിയോയുടെ മൊബൈല്‍ വരിക്കാരുടെ എണ്ണം 42.28 കോടിയാണ്. മുന്‍ മാസം ഇത് 42.13 കോടി ആയിരുന്നു. എയര്‍ടെല്ലിന്റെ മൊത്തം വരിക്കാരുടെ എണ്ണം നവംബറില്‍ 36.60 കോടിയായി ഉയര്‍ന്നു. വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വോഡഫോണ്‍ ഐഡിയയ്ക്ക് നവംബറില്‍ 18.27 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്. ഇതോടെ വിയുടെ നവംബറിലെ മൊത്തം വരിക്കാരുടെ എണ്ണം 24.37 കോടിയായി. 2022 നവംബര്‍ അവസാനത്തോടെ 0.47 ശതമാനം പ്രതിമാസ വളര്‍ച്ചയോടെ മൊത്തം ബ്രോഡ്ബാന്‍ഡ് വരിക്കാരുടെ എണ്ണം 82.53 കോടിയായി വര്‍ധിച്ചു. ജിയോ (43.01 കോടി),എയര്‍ടെല്‍ (23.05 കോടി), വോഡഫോണ്‍ ഐഡിയ (12.34 കോടി), ബിഎസ്എന്‍എല്‍ (2.58 കോടി) എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്.