ബ്രാന്‍ഡ് കണ്‍സള്‍ട്ടന്‍സിയായ ഇന്റര്‍ബ്രാന്‍ഡ് 2023ലെ ഇന്ത്യയിലെ മൂല്യമേറിയ 50 ബ്രാന്‍ഡുകളുടെ പട്ടിക പുറത്തുവിട്ടു. ലിസ്റ്റുചെയ്ത ബ്രാന്‍ഡുകളുടെ സഞ്ചിത മൂല്യം ആദ്യമായി 100 ബില്യണ്‍ യുഎസ് ഡോളര്‍ കടന്നു. പ്രമുഖ ടെക്‌നോളജി ബ്രാന്‍ഡായ ജിയോ, 490,273 ദശലക്ഷം രൂപയുടെ ബ്രാന്‍ഡ് മൂല്യവുമായി അഞ്ചാം സ്ഥാനത്തെത്തി. 10,95,766 ദശലക്ഷം രൂപയുടെ മൂല്യമുള്ള ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 653,208 ദശലക്ഷം രൂപയുടെ ബ്രാന്‍ഡ് മൂല്യവുമായി രണ്ടാം സ്ഥാനത്തുണ്ട്. കഴിഞ്ഞ ദശകത്തില്‍ 121% വളര്‍ച്ച കമ്പനി കൈവരിച്ചു. 53,323 കോടി രൂപയുടെ ബ്രാന്‍ഡ് മൂല്യവുമായി ഐ.ടി കമ്പനിയായ ഇന്‍ഫോസിസ് മൂന്നാം സ്ഥാനത്താണ്. എച്ച്.ഡി.എഫ്.സിയാണ് നാലാം സഥാനത്ത്. മൂന്ന് ടെക്‌നോളജി ബ്രാന്‍ഡുകള്‍ പത്ത് വര്‍ഷത്തിനിടെ ആദ്യമായാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടംനേടിയത്. എയര്‍ടെല്‍, ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍, മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.സി.ഐ.സി.ഐ എന്നിവയാണ് ആദ്യ പത്ത് പേരുടെ പട്ടികയില്‍ സ്ഥാനം പിടിച്ച മറ്റ് ബ്രാന്‍ഡുകള്‍. മികച്ച പത്ത് ബ്രാന്‍ഡുകളുടെ ക്യുമുലേറ്റീവ് ബ്രാന്‍ഡ് മൂല്യം പട്ടികയിലെ ശേഷിക്കുന്ന 40 ബ്രാന്‍ഡുകളുടെ സംയുക്ത മൂല്യത്തേക്കാള്‍ കൂടുതലാണ്.