ജീത്തു ജോസഫ്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടിലിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം ‘നേര്’ ഡിസംബര്‍ 21 നാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. കോര്‍ട്ട് റൂം ത്രില്ലര്‍ ഴോണറില്‍ പുറത്തിറങ്ങുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. റിലീസിന് മുന്നെ നേരിന്റെ ഒടിടി റിലീസ് വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍ ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തിയേറ്റര്‍ റിലീസിന് ഒരു മാസത്തിന് ശേഷം ചിത്രം ഓണ്‍ലൈനില്‍ സ്ട്രീം ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നു. പ്രിയാമണി, ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാര്‍, നന്ദു, മാത്യു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, കലേഷ്, കലാഭവന്‍ ജിന്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം സംഗീതം നല്‍കിയിരിക്കുന്നു. ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.