വേനല്‍ക്കാലത്ത് ഏറ്റവും സൂക്ഷിക്കേണ്ട ഗുരുതര ആരോഗ്യപ്രശ്‌നമാണ് മഞ്ഞപ്പിത്തം. ഹെപ്പറ്റൈറ്റിസ് എ വൈറസ് ആണ് മഞ്ഞപ്പിത്തമുണ്ടാക്കുന്നത്. ഇത് കരളിനെ നേരിട്ട് ബാധിക്കുന്നു. പ്രായമായവരിലും കുട്ടികളിലും ഗര്‍ഭിണികളിലുമൊക്കെ മഞ്ഞപ്പിത്തം ഗുരുതരമാവാനുള്ള സാധ്യത കൂടുതലാണ്. പ്രധാനമായും മലിന ജലത്തിലൂടെയാണ് ഹെപ്പറ്റൈറ്റിസ് എ വൈറസുകള്‍ പകരുന്നത്. രോഗികളുടെ മലത്തിലൂടെ പുറത്തുവരുന്ന വൈറസ് നേരിട്ടോ വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ശരീരത്തിനുള്ളിലെത്തുമ്പോഴാണ് രോഗമുണ്ടാകുന്നത്. രോഗികള്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുക വഴിയും ഈ വൈറസ് മറ്റുള്ളവരിലേക്ക് പകരാം. ശരീരവേദനയോട് കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റു ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും. ലക്ഷണങ്ങള്‍ കണ്ടാല്‍ വൈകാതെ ചികിത്സിക്കണം. ഹെപ്പറ്റൈറ്റിസ് എ, ഇ വിഭാഗങ്ങള്‍ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ബി, സി, ഡി എന്നീ വിഭാഗങ്ങള്‍ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങള്‍ എന്നിവയിലൂടെയുമാണ് പകരുന്നത്. വൈറസ് ശരീരത്തിലെത്തി രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ കൂടുതല്‍ ദിവസമെടുക്കും. എ, ഇ വിഭാഗങ്ങള്‍ക്ക് ഇത് 15 ദിവസം മുതല്‍ 60 ദിവസം വരെ ആയേക്കാം. ബി, സി, ഡി വിഭാഗങ്ങള്‍ക്ക് 15 മുതല്‍ ആറുമാസം വരെ നീണ്ടേക്കാം.
വേനല്‍ക്കാലത്ത് പടരുന്ന മഞ്ഞപ്പിത്തം
