സമീപകാലത്ത് ഇറങ്ങിയ സിനിമയില്‍ നായകന് ഒപ്പമോ അതിന് മുകളിലോ വില്ലന്‍ മികച്ച പ്രകടനം കാഴ്ചവച്ചൊരു സിനിമയുണ്ട്. തമിഴ് ചിത്രം ‘ജയിലര്‍’ ആണത്. രജനികാന്ത് നായകനായി എത്തിയ ചിത്രത്തില്‍ ‘വര്‍മന്‍’ എന്ന പ്രതിനായ വേഷത്തില്‍ എത്തി കസറിയത് വിനായകന്‍ ആയിരുന്നു. സമീപകാലത്ത് ഇന്ത്യന്‍ സിനിമ കണ്ട മികച്ച വില്ലനെ സമ്മാനിച്ച ചിത്രം എന്ന് ഏവരും പറഞ്ഞ ‘ജയിലറി’ല്‍ മോഹന്‍ലാലും ശിവരാജ് കുമാറും കാമിയോ റേളില്‍ എത്തി കസറിയിരുന്നു. തിയറ്ററുകളില്‍ വന്‍ ആവേശം സൃഷ്ടിച്ച രജനികാന്ത് ചിത്രം ഏതാനും നാളുകള്‍ക്ക് മുന്‍പ് ഒടിടിയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ടെലിവിഷന്‍ പ്രീമിയറും പ്രഖ്യാപിച്ചിരിക്കുകയാണ്. ദീപാവലിയോട് അനുബന്ധിച്ചാണ് പ്രീമിയര്‍. നവംബര്‍ 12ന് സണ്‍ ടിവിയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും. വൈകുന്നേരം 6.30 ന് ആണ് സ്ട്രീമിംഗ്. തിയറ്ററിലും ഒടിടിയിലും കാണാന്‍ സാധിക്കാത്തവര്‍ക്ക് കാണാനും കണ്ടവര്‍ക്കും വീണ്ടും കാണാനുമുള്ള അവസരമാണിത്. രമ്യ കൃഷ്ണന്‍, തമന്ന, മിര്‍ണ മേനോന്‍, വസന്ത് രവി, യോഗി ബാബു തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരന്നിരുന്നു.