ആദ്യ കാഴ്ചയില്‍ തന്നെ ട്വിറ്ററെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള പുതിയ സോഷ്യല്‍ മീഡിയ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ട്വിറ്റര്‍ സഹസ്ഥാപകനും, മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി. ‘ബ്ലൂ സ്‌കൈ’ എന്ന പേര് നല്‍കിയിരിക്കുന്ന ഈ ആപ്പില്‍ ട്വിറ്ററിന് സമാനമായ ഒട്ടനവധി ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ബ്ലൂ സ്‌കൈ ആപ്പിനെ കുറിച്ച് നേരത്തെ തന്നെ ജാക്ക് ഡോര്‍സി സൂചനകള്‍ നല്‍കിയിരുന്നു. ഉപഭോക്താക്കള്‍ക്ക് ഉള്ളടക്കങ്ങള്‍ക്കുമേല്‍ കൂടുതല്‍ നിയന്ത്രണം നല്‍കിക്കൊണ്ടാണ് ബ്ലൂ സ്‌കൈ പ്രവര്‍ത്തിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പോസ്റ്റുകള്‍ പങ്കുവയ്ക്കാനും, ഷോര്‍ട്ട് അപ്‌ഡേറ്റുകള്‍ ഫോളോ ചെയ്യാനും സാധിക്കുന്നതാണ്. അതേസമയം, ട്വിറ്ററിലെ പ്രധാന ഫീച്ചറുകളായ ഹാഷ്ടാഗ്, ഡയറക്ട് മെസേജ് തുടങ്ങിയവ ബ്ലൂ സ്‌കൈയില്‍ ലഭ്യമല്ല. കഴിഞ്ഞ ഫെബ്രുവരിയില്‍ ക്ലോസ്ഡ് ബീറ്റ പതിപ്പായും, ഈ മാസം ആന്‍ഡ്രോയിഡ് ഡിവൈസുകളിലും ബ്ലൂ സ്‌കൈ അവതരിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ മാസങ്ങള്‍ കൊണ്ട് മാധ്യമപ്രവര്‍ത്തകര്‍, രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയിട്ടുണ്ട്. ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് മാത്രം 3,75,000 തവണയാണ് ബ്ലൂ സ്‌കൈ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളത്.