ഇന്ത്യയുടെ ദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനമാണ് ഐ.എസ്.ആർ.ഒ (ISRO) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ…..!!!
1969 ആഗസ്റ്റ് 15ന് നിലവിൽ വന്നു. 2012 സെപ്റ്റംബർ 9 രാവിലെ 9:51ന് ഇസ്രോയുടെ ‘നൂറാമത്തെ ദൗത്യമായ, പി.എസ്.എൽ.വി – സി 21 ശ്രീഹരിക്കോട്ടയിലെ സതീശ് ധവൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു.ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇസ്രോയിൽ ഏകദേശം 20,000 ജോലിക്കാർ പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ നിരക്കുകൾ പ്രകാരം 815 ദശലക്ഷം യു.എസ്. ഡോളറിന്റെ ബജറ്റുള്ള ഇസ്രോയാണ് ഇന്ത്യയുടെ ബഹിരാകാശ പദ്ധതികൾക്ക് ചുക്കാൻ പിടിക്കുന്നത്. തദ്ദേശീയമായ ആവശ്യങ്ങൾക്ക് പുറമേ അന്താരാഷ്ട്ര റോക്കറ്റ് വിക്ഷേപണ സേവനങ്ങളും ഈ സ്ഥാപനം നൽകുന്നുണ്ട്. സോമനാഥ് ആണ് ഇസ്രോയുടെ ഇപ്പോഴത്തെ അധ്യക്ഷൻ.
ബഹിരാകാശ ഗവേഷണ പ്രസ്ഥാനത്തിന് ഇന്ത്യയിൽ അടിത്തറ പാകിയത് വിക്രം സാരാഭായിയെന്ന അതുല്യ പ്രതിഭയായിരുന്നു. പഠനത്തിനു ശേഷം 1960-കളോടെ സാരഭായി ബഹിരാകാശ ഗവേഷണരംഗത്തേക്കു രംഗപ്രവേശം ചെയ്തു.അതു അന്നത്തെ പ്രധാന മന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്രുവിന്റെ ദീർഘവീക്ഷണ ഫലമായിരുന്നു. ഇന്ത്യയിലെ ബഹിരാകാശ ഗവേഷണം ഔപചാരികമായി തുടക്കം കുറിച്ചത് 1961-നാണ്. അന്നാണ് നെഹ്‌റു സർക്കാർ ബഹിരാകാശ ഗവേഷണങ്ങളെക്കുറിച്ച് പഠിക്കാനായി ആണവോർജവകുപ്പിനെ ചുമതലപ്പെടുത്തിയത്.
1963 നവംബർ 21 ന് തുമ്പയിലെ INCOSPAR കേന്ദ്രത്തിൽ നിന്നും ആദ്യ റോക്കറ്റ് കുതിച്ചുയർന്നു.പിന്നീട് തിരുവനന്തപുരം വിക്രം സാരാഭായിയുടെ കർമ്മ മണ്ഡലമായി തീർന്നു. 1969-ൽ INCOSPAR ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമിക്ക് കീഴിലുള്ള ഒരു ഉപദേശക സമിതിയാക്കി മാറ്റി. കൂടാതെ ISRO-ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ബഹിരാകാശവകുപ്പിന് കേന്ദ്രസർക്കർ രൂപം നൽകുകയും ISRO-യെ ഈ കുടക്കീഴിൽ കൊണ്ടു വരികയും ചെയ്തു. ഡോ.എ.പി.ജെ. അബ്ദുൾ കലാം, യു.ആർ. റാവു, കസ്തൂരിരംഗൻ, ജി. മാധവൻ നായർ എന്നിവരെ ഇക്കാലത്താണ് വിക്രം സാരാഭായിക്ക് ശിഷ്യരായി ലഭിക്കുന്നത്. ഈ കൂട്ടായ്മ ISRO -യെ ഉന്നതങ്ങളിലും, ഇന്ത്യയെ ബഹിരകാശ ഗവേഷണ ശക്തിയായും ഉയർത്തി.
ഇസ്രോയുടെ ഇത്രയും വർഷത്തെ പ്രവർത്തനത്തിനിടയിൽ അവർ വളരെയധികം കൃത്രിമോപഗ്രഹങ്ങള് നിർമ്മിയ്ക്കുകയും വിക്ഷേപിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇവയെ പ്രധാനമായും ഐ.ആർ.എസ് പരമ്പര, ഇൻസാറ്റ് പരമ്പര, മെറ്റ്സാറ്റ്(കല്പന) പരമ്പര, സാങ്കേതിക വിദ്യാപരീക്ഷണ ഉപഗ്രഹങ്ങൾ എന്നിങ്ങനെ തരം തിരിയ്ക്കാവുന്നതാണ്.സ്‌കൈകറൂട്ട് എയ്റോ സ്പെസ് എന്ന സ്റ്റാർട്ടപ്പ് തയാറാക്കിയ വിക്രം എസ് (സബ് ഓർബിറ്റൽ ഫ്ലൈറ്റ് )സൗണ്ടിംഗ് റോക്കറ്റാണ് ഐഎസ്‌ആർഒയുടെ സഹായത്തോടെ വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് 2022 നവംബർ 18 ന് വിക്ഷേപിച്ചു. ആറ് മീറ്റർ ഉയരവും 545 കിലോ ഭാരവുമുള്ള കുഞ്ഞൻ റോക്കറ്റാണ് വിക്രം എസ്.
ജി. എസ്. എൽ. വി മാർക്ക് III എന്ന പേരില് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് സാങ്കേതികവിദ്യ ഉപയോഗിയ്ക്കുന്ന അടുത്ത തലമുറയിൽപ്പെട്ട വിക്ഷേപണ വാഹനത്തിനുവേണ്ടിയുള്ള ഗവേഷണം ഇസ്രോ തുടങ്ങിക്കഴിഞ്ഞു. പൂർണ്ണാവസ്ഥയിൽ 6 ടൺ വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ വഹിയ്ക്കാന് ശേഷിയുള്ളതാണ് ജി.എസ്.എൽ.വി III.യൂറോപ്യൻ, റഷ്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾക്കുവേണ്ടിയും ഇസ്രോ ഉപഗ്രഹവിക്ഷേപണം ചെയ്യുന്നുണ്ട്. അവർക്കുവേണ്ടി എജൈല്, ഗ്ലോനാസ് പരമ്പരയിൽ പെട്ട ഉപഗ്രഹങ്ങളാവും മിക്കവാറും ഇസ്രോയ്ക്ക് വിക്ഷേപിയ്ക്കേണ്ടി വരിക.ജി.പി.എസ് സംവിധാനത്തിന്റെ ഇന്ത്യൻ മേഖലയിലെ കൃത്യത ഉയർത്താനായി ഗഗൻ എന്ന പേരിൽ ഇസ്രോ ഒരു ഗവേഷണ പദ്ധതി നടത്തുന്നുണ്ട്.