കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം ഒറ്റ് സെപ്റ്റംബര്‍ 2ന് ചിത്രം തമിഴ് മലയാളം ഭാഷകളില്‍ തിയറ്ററുകളില്‍ എത്തും. ഇപ്പോഴിതാ ചിത്രത്തിലെ മനോഹരഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘ഇരവേ വെള്ളിനിലവേ…’ എന്നു തുടങ്ങുന്ന വിനായക് ശശികുമാര്‍ എഴുതിയ പ്രണയഗാനത്തിന് സംഗീതം നല്‍കിയത് അരുള്‍ രാജ് ആണ്. കെ എസ് ഹരിശങ്കറാണ് ആലാപനം. ഒറ്റിന്റെ സംവിധായകന്‍ ടിപി ഫെല്ലിനിയാണ്. തമിഴില്‍ രണ്ടകം എന്ന പേരിലാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ജാക്കി ഷ്‌റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.
പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ബറോസ്’. മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നത് തന്നെയാണ് അതിന് കാരണം. ചിത്രം പോര്‍ച്ചുഗീസ്, ചൈനീസ് ഉള്‍പ്പെടെ 15 മുതല്‍ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പുറത്തുവരുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 400 വര്‍ഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. ആശിര്‍വാദ് സിനിമാസാണ് ‘ബറോസ്’ നിര്‍മ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു.
മള്‍ട്ടിപ്‌ളക്സുകളെ വിഴുങ്ങാനെന്നോണം ഓവര്‍ – ദ – ടോപ്പ് (ഒ.ടി.ടി) പ്‌ളാറ്റ്ഫോമുകള്‍ അതിവേഗം വളരുകയാണെന്ന് എസ്.ബി.ഐ റിസര്‍ച്ച് റിപ്പോര്‍ട്ട്. 2018ല്‍ ഒ.ടി.ടി പ്‌ളാറ്റ്ഫോമുകളുടെ വിപണിമൂല്യം 2,590 കോടി രൂപയായിരുന്നത് 2023 ഓടെ 11,944 കോടി രൂപയാകുമെന്ന് റിപ്പോര്‍ട്ടിലുണ്ട്. പ്രതിവര്‍ഷ ശരാശരി വളര്‍ച്ച 36 ശതമാനമാണ്. ഇന്ത്യന്‍ വിനോദമേഖലയുടെ പ്രേക്ഷക, വരുമാനവിഹിതങ്ങളില്‍ 7-9 ശതമാനം ഇതിനകം ഒ.ടി.ടി സ്വന്തമാക്കി കഴിഞ്ഞു. ഇംഗ്‌ളീഷിന് പുറമേ പ്രാദേശിക ഭാഷകളുടെ ഉള്ളടക്കങ്ങളുമായി 40ലേറെ ഒ.ടി.ടി കമ്പനികളാണ് ഇന്ത്യയിലുള്ളത്. നിലവില്‍ 45 കോടി ഒ.ടി.ടി വരിക്കാരാണ് ഇന്ത്യയിലുള്ളത്. 2023ല്‍ ഇത് 50 കോടി കടക്കും. 14 കോടി വരിക്കാരുമായി ഡിസ്നി പ്‌ളസ് ഹോട്ട് സ്റ്റാറാണ് മുന്നില്‍. ആമസോണ്‍ പ്രൈം (6 കോടി), നെറ്റ്ഫ്‌ളിക്സ് (4 കോടി), സീ5 (3.7 കോടി), സോണിലിവ് (2.5 കോടി) എന്നിങ്ങനെയും വരിക്കാരുണ്ട്. 50 ശതമാനം വരിക്കാരും ഒ.ടി.ടിയില്‍ പ്രതിമാസം 5 മണിക്കൂറിലേറെ ചെലവിടുന്നു എന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്രസര്‍ക്കാരിന്റെ അറ്റ നികുതിവരുമാനം നടപ്പുവര്‍ഷം ഇതുവരെ മുന്‍വര്‍ഷത്തെ സമാനകാലത്തേക്കാള്‍ 38 ശതമാനം ഉയര്‍ന്ന് 4.80 ലക്ഷം കോടി രൂപയിലെത്തിയെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി). 14.20 ലക്ഷം കോടി രൂപയാണ് നടപ്പുവര്‍ഷത്തെ ലക്ഷ്യം. നിലവിലെ ട്രെന്‍ഡനുസരിച്ച് ഇതു നേടാനാകും. 6 കോടി ആദായനികുതി റിട്ടേണുകള്‍ കഴിഞ്ഞവര്‍ഷത്തേക്കായി സമര്‍പ്പിക്കപ്പെട്ടു. ജൂലായ് 31 ആയിരുന്നു അവസാന തീയതി. 93,000 കോടി രൂപ നികുതി റീഫണ്ട് അനുവദിച്ചു. കഴിഞ്ഞവര്‍ഷത്തെ 52,000 കോടി രൂപയേക്കാള്‍ 68 ശതമാനം അധികമാണിത്.
ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബിവൈഡി 2017-ല്‍ ആണ് ഇലക്ട്രിക് ബസുകളുമായി വാണിജ്യ വിഭാഗത്തില്‍ ഇന്ത്യയില്‍ അരങ്ങേറ്റം കുറിച്ചത്. 2021 നവംബര്‍ മുതല്‍ കമ്പനി ഓള്‍-ഇലക്ട്രിക് ബിവൈഡി ഇ6 ഇലക്ട്രിക് എംപിവി വില്‍ക്കുന്നു. 520 കിലോമീറ്റര്‍ റേഞ്ചാണ് ഈ വാഹനത്തിന്. ഇപ്പോഴിതാ അറ്റൊ 3 ഇലക്ട്രിക് എസ്യുവിയുമായി പാസഞ്ചര്‍ വാഹന ഇലക്ട്രിക് സെഗ്മെന്റിലേക്ക് പ്രവേശിക്കാന്‍ ചൈനീസ് കമ്പനി തയ്യാറാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ബിവൈഡി അറ്റോ 3 ഇലക്ട്രിക് എസ്യുവി ദീപാവലിക്ക് മുമ്പ് ഉത്സവ സീസണില്‍ അവതരിപ്പിക്കാനാണ് പദ്ധതി. ഇന്ത്യയില്‍ അസംബിള്‍ ചെയ്ത 10000 വാഹനങ്ങള്‍ വില്‍ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. വില ഏകദേശം 25-30 ലക്ഷം രൂപയായിരിക്കും.
നീലിമയുടെ സ്വപ്ന സഞ്ചാരത്തിന്റെ കഥയാണിത്. ആകാശത്തില്‍ പറവയും കടലില്‍ മത്സ്യവും ഭൂമിയില്‍ ശലഭവുമായി മാറി അവള്‍ കാണുന്ന സ്വപ്നദൃശ്യങ്ങള്‍. മാലാഖക്കുഞ്ഞിനോടൊപ്പമുള്ള അവളുടെ കാഴ്ചകള്‍ കുഞ്ഞു വായനക്കാരില്‍ വിസ്മയം വിടര്‍ത്താതിരിക്കില്ല. ഫാത്തിമയും മുരുകനും മുത്തശ്ശിയും വായനയ്ക്ക് ശേഷവും അവരുടെ മനസ്സില്‍ ബാക്കിയാവും. ‘നീലിമയുടെ യാത്രകള്‍’. രാധാകൃഷ്ണന്‍ എടച്ചേരി. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 85 രൂപ.
കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഒരല്‍പ്പം ശ്രദ്ധയുണ്ടെങ്കില്‍ പലവിധ ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കപ്പെടും. കഴുത്ത് നേരെ ഇരിക്കുന്നതോടൊപ്പം കമ്പ്യൂട്ടറിന്റെ മദ്ധ്യഭാഗത്ത് നോട്ടം കിട്ടുന്ന വിധത്തില്‍ ഇരിപ്പ് ക്രമീകരിക്കുകയും ചെയ്യണം. ഇരിപ്പ് ശരിയല്ലെങ്കില്‍ കഴുത്തുവേദനയും നടുവേദനയുമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പതുക്കെ തലപൊക്കും. പ്രശ്നങ്ങളുണ്ടാകുന്നതിന് മുമ്പ് കഴുത്തിന് വേണ്ടിയുള്ള കുഞ്ഞുകുഞ്ഞു വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം (സി.വി.എസ്) അഥവാ ഇലക്ട്രോണിക് ഐ പെയിനാണ് ഇതില്‍ പ്രധാനം. തുടര്‍ച്ചയായ തലവേദന, മോണിറ്ററില്‍ നോക്കുമ്പോള്‍ കൂടുതല്‍ സമ്മര്‍ദ്ദം തോന്നുക, വസ്തുക്കളിലേക്ക് സൂക്ഷ്മമായി നോക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയെല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. മാത്രമല്ല കണ്ണുകള്‍ക്ക് ആയാസം, വരള്‍ച്ച, ചൊറിച്ചില്‍ എന്നിവയുമുണ്ടാകും. ദീര്‍ഘനേരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ ഇടയ്ക്കിടെ കണ്ണ് ചിമ്മി തുറക്കാന്‍ ശ്രദ്ധിക്കണം.