വെറുതെ ഒരു കഥ പറയുകയല്ല ഈ കവി. ആ കഥയ്ക്കുള്ളില്‍ കിനിഞ്ഞു പടരുന്ന ആര്‍ദ്രതയെയും നിസ്വാര്‍ത്ഥതയെയും മാതൃപിതൃസ്‌നേഹത്തെയും വംശസ്‌നേഹത്തെയും ധാര്‍മ്മികതയെയും അനുഭവമായി പകര്‍ന്നുതരാന്‍ ശ്രമിക്കുകയാണ്. അതിനൊത്ത വചനപ്രക്രമമാണ് കവിയുടേത്. നവീനനിര്‍മ്മിതിയായ കവിതാശൈലിയല്ല, നാട്ടുവഴക്കങ്ങളുടെയും നാപ്പഴക്കങ്ങളുടെയും നേരുറവകളോടൊത്തൊഴുകുന്ന മൊഴിച്ചാലുകളാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ട് ഏതൊരാളിനും നീന്തിത്തുടിക്കാം. ഏതൊരാളിനും അതിന്റെ രസവീര്യവിപാകങ്ങള്‍, നാട്ടുപച്ചിലച്ചാറെന്ന പോലെ ഉള്‍ക്കൊണ്ട് ദോഷസാമ്യവും പുഷ്ടിയും നേടാം. അവനവനെ ബലപ്പെടുത്തുകയും സമൂഹവും കാലങ്ങളുമായി സമീകരിക്കുകയും ചെയ്യുമ്പോഴാണല്ലോ എല്ലാം സര്‍വതോഭദ്രമാകുന്നത്. ‘ഇരാവാന്‍’. ജെ സോമശേഖരന്‍ പിള്ള. ഗ്രീന്‍ ബുക്‌സ്. വില 114 രൂപ.