3a 1

ധനുഷ് നായകനാകുന്ന പുതിയ ചിത്രമാണ് ‘തിരുചിത്രമ്പലം’. മിത്രന്‍ ജവഹര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വര്‍ഷ ഭരത്, ശ്രേയസ് ശ്രീനിവാസന്‍ എന്നിവരുമായി ചേര്‍ന്ന് മിത്രന്‍ ജവഹര്‍ തന്നെ തിരക്കഥ എഴുതുന്നു. ‘തിരുചിത്രമ്പലം’ എന്ന ധനുഷ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. ‘തിരുചിത്രമ്പലം’ രസിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത് . ഓഗസ്റ്റ് 18ന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. നിത്യ മേനന്‍, റാഷി ഖന്ന, പ്രിയ ഭവാനി ശങ്കര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. പ്രകാശ് രാജും ചിത്രത്തിലുണ്ട്. തിയറ്ററുകളില്‍ തന്നെയാണ് ധനുഷ് ചിത്രം റിലീസ് ചെയ്യുന്നത്.

ലോകത്ത് ഏറ്റവുമധികം വിദേശ നാണയശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് നാലാംസ്ഥാനം. റഷ്യയെ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇന്ത്യ നാലാമതെത്തിയത്. ചൈന, ജപ്പാന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. തുടര്‍ച്ചയായ നാല് ആഴ്ചകളിലെ നഷ്ടത്തിന് വിരാമമിട്ട് ജൂലായ് 29ന് സമാപിച്ചവാരം ഇന്ത്യയുടെ വിദേശ നാണയശേഖരം 240 കോടി ഡോളര്‍ ഉയര്‍ന്ന് 57,390 കോടി ഡോളറായിട്ടുണ്ട്. ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്ന് വിദേശനിക്ഷേപം കൊഴിഞ്ഞതും പലിശനിരക്ക് തുടര്‍ച്ചയായ കൂട്ടുന്ന അമേരിക്കന്‍ കേന്ദ്രബാങ്കിന്റെ നിലപാടിനുപിന്നാലെ ഡോളര്‍ ശക്തിയാര്‍ജ്ജിതുമാണ് മുന്‍ ആഴ്ചകളില്‍ തിരിച്ചടിയായത്. രൂപയുടെ തളര്‍ച്ചയുടെ ആക്കംകുറയ്ക്കാന്‍ കരുതല്‍ ശേഖരത്തില്‍ നിന്ന് റിസര്‍വ് ബാങ്കിന് വന്‍തോതില്‍ ഡോളര്‍ വിറ്റഴിക്കേണ്ടി വന്നിരുന്നു.

റിസര്‍വ് ബാങ്ക് റിപ്പോനിരക്ക് 0.50 ശതമാനം വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ വായ്പാ പലിശനിരക്കുയര്‍ത്തി കൂടുതല്‍ വാണിജ്യബാങ്കുകള്‍. ഐ.സി.ഐ.സി.ഐ ബാങ്ക് ആഗസ്റ്റ് അഞ്ചിന് പ്രാബല്യത്തില്‍ വന്നവിധം എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലെന്‍ഡിംഗ് റേറ്റ് 9.10 ശതമാനമായി ഉയര്‍ത്തി. കനറാ ബാങ്ക് റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് ആഗസ്റ്റ് ഏഴിന് പ്രാബല്യത്തില്‍ വന്നവിധം 7.80 ശതമാനത്തില്‍ നിന്ന് 8.30 ശതമാനത്തിലേക്ക് ഉയര്‍ത്തി. റിപ്പോ വര്‍ദ്ധനയ്ക്ക് ആനുപാതികമായി ബാങ്ക് ഒഫ് ബറോഡ അടിസ്ഥാനനിരക്ക് 7.95 ശതമാനമായി പുനര്‍നിശ്ചയിച്ചു. ആഗസ്റ്റ് ആറിന് പ്രാബല്യത്തില്‍ വന്നു. ഉപഭോക്താവിന്റെ ജോലി, സിബില്‍ സ്‌കോര്‍, വായ്പാത്തുക എന്നിവയുടെ അടിസ്ഥാനത്തില്‍ പലിശനിരക്കില്‍ വ്യത്യാസമുണ്ടാകും. 7.95 മുതല്‍ 9.30 ശതമാനം വരെ പലിശയാണ് ബാങ്ക് ഈടാക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് 7.4ല്‍ നിന്ന് 7.9 ശതമാനത്തിലേക്കാണ് ആര്‍.എല്‍.എല്‍.ആര്‍ പരിഷ്‌കരിച്ചത്.

സുരേഷ് ഗോപി നായകനായെത്തിയ പാപ്പന്‍ ജൂലൈ 29നാണ് തീയേറ്ററുകളിലെത്തിയത്. നീണ്ട കാലത്തിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ ഹിറ്റായിരുന്നു. റിലീസ് ചെയ് 10 ദിവസത്തിന് ഉള്ളില്‍ തന്നെ പാപ്പന്‍ 30 കോടിയാണ് പിന്നിട്ടിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ നിന്നായി 30. 43 കോടി രൂപയാണ് ഈ സുരേഷ് ഗോപി ചിത്രം നേടിയിരിക്കുന്നത്. പാപ്പന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പന്‍ നേടി. കഴിഞ്ഞ തിങ്കളാഴ്ച 1.72 കോടിയും ചിത്രം നേടിയിരുന്നു. കേരളത്തില്‍ നിന്ന് ചിത്രം ഒരാഴ്ച നേടിയ കളക്ഷന്‍ 17.85 കോടിയാണ്.

മോണ്‍സ്റ്റര്‍ എനര്‍ജി മോട്ടോ ജിപി ശ്രേണിയുടെ 2022 എഡിഷന്‍ അവതരിപ്പിച്ച് യമഹ മോട്ടോര്‍ ഇന്ത്യ. സൂപ്പര്‍ സ്‌പോര്‍ട്ട് വൈ.ഇസഡ്.എഫ് – ആര്‍15 എം., ദ ഡാര്‍ക്ക് വാരിയര്‍ എം.ടി-15 വി2.0, ദ മാക്സി സ്‌പോര്‍ട്സ് സ്‌കൂട്ടര്‍ ഏറോക്സ് 155, റേ ഇസഡ്.ആര്‍ 125 എഫ്.ഐ ഹൈബ്രിഡ് എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ എഡിഷന്‍. യമഹയുടെ ‘ദ കോള്‍ ഒഫ് ദ ബ്‌ളൂ’ കാമ്പയിന്റെ ഭാഗമായി ബ്‌ളൂ സ്‌ക്വയര്‍ ഔട്ട്ലെറ്റ്സില്‍ പുത്തന്‍ മോഡലുകള്‍ ലഭിക്കും. സൂപ്പര്‍ സ്‌പോര്‍ട്ട് വൈ.ഇസഡ്.എഫ് – ആര്‍15 എമ്മിന് 1.91 ലക്ഷം രൂപ, ദ ഡാര്‍ക്ക് വാരിയര്‍ എം.ടി-15 വി2.0ന് 1.65 ലക്ഷം രൂപ, റേ ഇസഡ്.ആര്‍ 125എഫ്.ഐ ഹൈബ്രിഡിന് 87,330 രൂപ എന്നിങ്ങനെയാണ് ഡല്‍ഹി എക്സ്ഷോറൂം വില. മാക്സി സ്‌പോര്‍ട്സ് സ്‌കൂട്ടര്‍ ഏറോക്സ് 155ന്റെ വില പിന്നീട് വെളിപ്പെടുത്തും.

കഥ എങ്ങനെ എഴുതണമെന്ന് നല്ല നിശ്ചയമുള്ള എഴുത്തുകാരനാണ് ആന്റണി മോഹന്‍. ചെറുതും വലുതുമായ 24 കഥകളാണ് വായനക്കാര്‍ക്കായി സമര്‍പ്പിച്ചിട്ടുള്ളത്. ഈ കഥകളില്‍ പലതും പേനയ്ക്ക് പകരം ഹൃദയംകൊണ്ട് എഴുതിയ കഥകളാണ്. ഒറ്റയിരുപ്പില്‍ തന്നെ മുഴുവന്‍ കഥകളും വായിച്ചു തീര്‍ക്കാന്‍ പാകത്തിലുള്ള ഒരു രചനാതന്ത്രം. ‘ആളൊഴിഞ്ഞ വീഥികള്‍’. ആന്റണി മോഹന്‍ ചിറയിന്‍കീഴ്. ഗ്രീന്‍ ബുക്‌സ്. വില 180 രൂപ.

കടുത്ത മാനസികസംഘര്‍ഷവും കഴുത്ത് വേദന തുടങ്ങിയവ മൈഗ്രെയ്‌നിന്റെ പ്രധാന കാരണങ്ങളാണ്. തലയിലും തോളിലും നടുവിനും ചെയ്യുന്ന മസാജിലൂടെ ശരീരത്തിലെ മസിലുകളിലെ മുറുക്കം കുറയ്ക്കുകയും രക്തയോട്ടം കൂടുകയും ചെയ്യും. തലയോട്ടിയിലേക്കുള്ള രക്തയോട്ടം കൂട്ടി തലവേദന ഇല്ലാതാക്കാനും ഈ മസാജ് കൊണ്ട് സാധിക്കും. എണ്ണ തേച്ചുള്ള മസാജ് തലയോട്ടിയിലും ഹെയര്‍ ഫോളിക്കിളിലും ഓക്‌സിജന്‍ ധാരാളം എത്തിക്കുകയും ഉണര്‍വ് നല്‍കുകയും ചെയ്യും.  മുടി വളരാന്‍ ഏറ്റവും സഹായകരം. ചെറു ചൂട് വെളിച്ചെണ്ണയോ ആവണക്കെണ്ണയോയാണ് ഉത്തമം. ശരീരത്തിന് ഉണര്‍വും ഉന്മേഷവും ലഭിക്കുമ്പോള്‍ ഒരു പരിധി വരെ സമ്മര്‍ദ്ദവും കുറയും. മസാജ് ചെയ്യുമ്പോള്‍ തലയിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിക്കുന്നു. അത് വഴി ലഭിക്കുന്ന ഓക്സിജന്‍ അനാവശ്യ ഉത്കണ്ഠ, ആകാംക്ഷ, നിരാശ എന്നിവ ഒഴിവാക്കാന്‍ പ്രാപ്തരാക്കുന്നു. ഓര്‍മശക്തി കൂടാന്‍ സഹായിക്കും.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.55, പൗണ്ട് – 96.26, യൂറോ – 81.05, സ്വിസ് ഫ്രാങ്ക് – 82.98, ഓസ്ട്രേലിയന്‍ ഡോളര്‍ – 55.36, ബഹറിന്‍ ദിനാര്‍ – 211.01, കുവൈത്ത് ദിനാര്‍ -259.23, ഒമാനി റിയാല്‍ – 206.91, സൗദി റിയാല്‍ – 21.16, യു.എ.ഇ ദിര്‍ഹം – 21.66, ഖത്തര്‍ റിയാല്‍ – 21.85, കനേഡിയന്‍ ഡോളര്‍ – 61.63.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *