ഫെബ്രുവരിയില്‍ ഉപഭോക്തൃവില (റീട്ടെയില്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം 6.44 ശതമാനമായി താഴ്ന്നു. ജനുവരിയില്‍ ഇത് 6.52 ശതമാനമായിരുന്നു. റീട്ടെയില്‍ പണപ്പെരുപ്പത്തില്‍ 40 ശതമാനം സംഭാവന ചെയ്യുന്ന ഭക്ഷ്യവിലപ്പെരുപ്പം ജനുവരിയിലെ 5.94 ശതമാനത്തില്‍ നിന്ന് 5.95 ശതമാനമായി കഴിഞ്ഞമാസം ഉയര്‍ന്നിട്ടുണ്ട്. പരിധിവിട്ട് രണ്ടാംമാസവും റീട്ടെയില്‍ പണപ്പെരുപ്പം 2-6 ശതമാനത്തിനുള്ളില്‍ നിയന്ത്രിക്കുകയാണ് റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം. തുടര്‍ച്ചയായി റിപ്പോനിരക്ക് വര്‍ദ്ധിപ്പിച്ചിട്ടും ഈ നിരക്കിലേക്ക് സ്ഥിരതയോടെ പണപ്പെരുപ്പം കൊണ്ടുവരാന്‍ റിസര്‍വ് ബാങ്ക് പണനയ നിര്‍ണയ സമിതിക്ക് കഴിഞ്ഞിട്ടില്ല. തുടര്‍ച്ചയായ രണ്ടാംമാസമാണ് പണപ്പെരുപ്പം പരിധി കടന്നത്. അടുത്തമാസത്തെ എം.പി.സി യോഗവും റിപ്പോനിരക്ക് കൂട്ടാനാണ് സാദ്ധ്യത. ഡിസംബറിലെ 5.92 ശതമാനത്തില്‍ നിന്ന് കേരളത്തില്‍ പണപ്പെരുപ്പം ജനുവരിയില്‍ 6.45 ശതമാനത്തിലേക്ക് കുതിച്ചുയര്‍ന്നത് ആശങ്കയായിരുന്നു. ഫെബ്രുവരിയില്‍ ഇത് 6.27 ശതമാനമായി കുറഞ്ഞു. ഗ്രാമീണതലത്തില്‍ 6.55 ശതമാനവും നഗരങ്ങളില്‍ 5.77 ശതമാനവുമാണ് സംസ്ഥാനത്ത് പണപ്പെരുപ്പം. രാജ്യത്ത് പണപ്പെരുപ്പം ഏറ്റവും കൂടുതല്‍ ആന്ധ്രാപ്രദേശിലാണ്, 8.01 ശതമാനം. കുറവ് ഛത്തീസ്ഗഢില്‍, 2.38 ശതമാനം.