2026 ഏപ്രിലില്‍ ഇന്ത്യയിലെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 8.3 ശതമാനമെന്ന 42 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. മാര്‍ച്ചിലെ 3.88 ശതമാനത്തില്‍ നിന്നാണ് ഈ കുതിച്ചുചാട്ടം. അസംസ്‌കൃത എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പണപ്പെരുപ്പം മാര്‍ച്ചിലെ 35.98 ശതമാനത്തില്‍ നിന്ന് ഏപ്രിലില്‍ 67.18 ശതമാനമായി ഉയര്‍ന്നു. അസംസ്‌കൃത എണ്ണയുടെ മാത്രം പണപ്പെരുപ്പം 88.06 ശതമാനമായാണ് വര്‍ദ്ധിച്ചത്. ഇന്ധന-ഊര്‍ജ വിഭാഗത്തിലെ പണപ്പെരുപ്പം മാര്‍ച്ചിലെ 1.05 ശതമാനത്തില്‍ നിന്ന് 24.71 ശതമാനമായി കുതിച്ചുയര്‍ന്നു. പെട്രോള്‍ (32.40%), ഡീസല്‍ (25.19%) എന്നിവയില്‍ പണപ്പെരുപ്പം ഗണ്യമായി പ്രതിഫലിച്ചു. പാചകവാതക വില ഏപ്രിലില്‍ 10.92 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തി. നിര്‍മ്മാണ മേഖലയിലെ പണപ്പെരുപ്പവും 3.39 ശതമാനത്തില്‍ നിന്ന് 4.62 ശതമാനമായി ഉയര്‍ന്നു. മൊത്തവിലയില്‍ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ പണപ്പെരുപ്പം 2.31 ശതമാനമായി താരതമ്യേന കുറഞ്ഞുനില്‍ക്കുന്നത് ആശ്വാസകരമാണ്. പശ്ചിമേഷ്യയിലെ യുഎസ്-ഇറാന്‍ സംഘര്‍ഷങ്ങള്‍ കാരണം ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 122 ഡോളറിലേക്ക് ഉയര്‍ന്നതാണ് ഈ പ്രതിസന്ധിക്ക് പിന്നിലെ പ്രധാന ആഗോള ഘടകം.
