ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ ആരാധകരെ നിരാശരാക്കിക്കൊണ്ട് നെയ്മറിന്റെ കളിയുടെ അനിശ്ചിതത്വം തുടരുന്നു. സെര്‍ബിയക്കെതിരായ ആദ്യ മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റ നെയ്മര്‍ പ്രീ ക്വാര്‍ട്ടറിലും കളിച്ചേക്കില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നെയ്മറുടെ പരിക്ക് ഭേദമാവാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത തിങ്കളാഴ്ചയാണ് ബ്രസീലിന്‍റെ പ്രീ ക്വാര്‍ട്ടര്‍ മത്സരം.
കണങ്കാലിന് പരിക്കേറ്റതിന് പിന്നാലെ സ്വിറ്റ്സര്‍ലന്‍ഡിനെതിരായ ബ്രസീലിന്‍റെ മത്സരത്തിന് മുമ്പ് നെയ്മര്‍ക്ക് പനിയും ബാധിച്ചിരുന്നു. തുടര്‍ന്ന് മത്സരം കാണാന്‍ ടീമിനൊപ്പം സ്റ്റേഡിയത്തിലെത്താന്‍ നെയ്മറിന് കഴിഞ്ഞിരുന്നില്ല. പരിക്ക് മാറി പൂര്‍ണ കായികക്ഷമത വീണ്ടെടുക്കാന്‍ നെയ്മറിന് ഇനിയും ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന.