പഹല്‍ഗാമിലെ കണ്ണീരിന് പാകിസ്ഥാന് മറുപടി നല്‍കി ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂര്‍. പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലുമായി ഒന്‍പതിടങ്ങളിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ മിന്നലാക്രമണം. ഇന്നലെ അര്‍ധരാത്രിക്കു ശേഷം മുസാഫര്‍ബാദ്, ബഹവല്‍പുര്‍, കോട്‌ലി, മുരിഡ്ക് എന്നിവടങ്ങളിലെ ഭീകരരുടെ കേന്ദ്രങ്ങളിലാണ് ആക്രമണം എന്നാണു വിവരം. 12 ഭീകരര്‍ കൊല്ലപ്പെട്ടെന്നും 55 പേര്‍ക്ക് പരുക്കേറ്റെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മൂന്നൂറിലധികം ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. നീതി നടപ്പാക്കിയെന്നും പാക്കിസ്ഥാന്റെ സേനാകേന്ദ്രങ്ങളൊന്നും തങ്ങള്‍ ലക്ഷ്യം വച്ചില്ലെന്നും വിഷയത്തില്‍ കൂടുതല്‍ ആക്രമണപദ്ധതി നിലവിലില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യ ഇന്നു പുറത്തുവിടും. അതേസമയം അഞ്ചിടത്ത് മിസൈല്‍ ആക്രമണമുണ്ടായെന്നും മൂന്നു പേര്‍ കൊല്ലപ്പെട്ടെന്നും 12 പേര്‍ക്ക് പരുക്കേറ്റെന്നും പാക്കിസ്ഥാന്‍ സൈന്യം സ്ഥിരീകരിച്ചു. ഇന്ത്യയുടെ താല്‍കാലിക സന്തോഷത്തിന് ശാശ്വത ദുഃഖം നല്‍കുമെന്നും പാക്കിസ്ഥാന്‍ പ്രതികരിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിക്കു പിന്നാലെ, ‘നീതി നടപ്പായി’ എന്നു പ്രതികരിച്ച് ഇന്ത്യന്‍ സൈന്യം. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് സമൂഹമാധ്യമമായ എക്‌സില്‍ ഭാരത് മാതാ കി ജയ് എന്ന് പോസ്റ്റ് ചെയ്താണ് ഇന്ത്യന്‍ സേനയുടെ ഓപ്പറേഷന്‍ സിന്ദൂറിനെ അഭിനന്ദിച്ചത്. ഇന്ത്യയുടെ തിരിച്ചടി പ്രതീക്ഷിച്ചിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.
പാകിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത് നടത്തിയ തിരിച്ചടിക്ക് പിന്നാലെ അതീവ ജാഗ്രതയില്‍ രാജ്യം. അതിര്‍ത്തിയോട് ചേര്‍ന്നുള്ള അഞ്ച് വിമാനത്താവളങ്ങള്‍ അടച്ചു. ശ്രീനഗര്‍, ലേ, ജമ്മു, അമൃത്സര്‍, ധര്‍മശാല എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. അതിര്‍ത്തിയിലെ ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.