Ajay Banga

 

ഇന്ത്യന്‍ വംശജന്‍ അജയ് ബംഗ ലോകബാങ്ക് പ്രസിഡന്റാകും. മാസ്റ്റര്‍കാര്‍ഡിന്റെ മുന്‍ സിഇഒ അജയ് ബംഗയെ ലോകബാങ്കിന്റെ തലവനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണു നാമനിര്‍ദ്ദേശം ചെയ്തത്. 2016 ല്‍ ഇന്ത്യ പത്മശ്രീ നല്‍കി ആദരിച്ച പ്രതിഭയാണ് ഇദ്ദേഹം.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും വികസ്വര സമ്പദ്വ്യവസ്ഥകളിലേക്കു നിക്ഷേപം കൊണ്ടുവരന്ന കമ്പനികളെ നയിക്കുകയും ചെയ്ത അജയ് ബംഗ ലോക ബാങ്കിനെ നയിക്കാന്‍ മികച്ച ലീഡറാണെന്ന് ബൈഡന്‍ പറഞ്ഞു. ഇന്ത്യയില്‍ വളര്‍ന്ന അജയ് ബംഗയ്ക്ക് വികസ്വര രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ദാരിദ്ര്യം പോലുള്ള വെല്ലുവിളികളെയും വികസനം പോലുള്ള അവസരങ്ങളെയും കൈകാര്യം ചെയ്യാന്‍ അതുല്യമായ കാഴ്ചപ്പാടുണ്ടെന്ന് ബൈഡന്‍ പറഞ്ഞു.
അജയ് ബംഗ എന്ന അജയ്പാല്‍ സിംഗ് ബംഗയുടെ ജന്മസ്ഥലം പൂനെയാണ്. 1959 നവംബര്‍ 10 നാണു ജന്മദിനം. സിംലയിലെ സെന്റ് എഡ്വേര്‍ഡ് സ്‌കൂളിലും ഹൈദരാബാദിലെ ഹൈദരാബാദ് പബ്ലിക് സ്‌കൂളിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. സെന്റ് സ്റ്റീഫന്‍സ് കോളജില്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദമെടുത്തു. പിന്നീട് അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ എംബിഎ നേടി.
1981 ല്‍ നെസ്ലെയിലെ മാനേജുമെന്റ് ട്രെയിനിയായി ജോലി തുടങ്ങി. 13 വര്‍ഷം സെയില്‍സ്, മാര്‍ക്കറ്റിംഗ്, ജനറല്‍ മാനേജ്മെന്റ് വിഭാഗങ്ങളില്‍ ജോലി ചെയ്തു. പിന്നീട്, പെപ്സിക്കോയില്‍ ചേര്‍ന്നു. പെപ്സിക്കോ ഫാസ്റ്റ് ഫുഡ് ഫ്രാഞ്ചൈസികള്‍ ആരംഭിച്ചത് അജയ് ബംഗയുടെ നേതൃത്വത്തിലായിരുന്നു. അനേകം പേര്‍ക്കു തൊഴിലവസരമുണ്ടാക്കിയ പദ്ധതിയായിരുന്നു അത്.
2010 മുതല്‍ മാസ്റ്റര്‍കാര്‍ഡിന്റെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി. 2021 ഡിസംബറില്‍ വിരമിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിന് ജനറല്‍ അറ്റ്‌ലാന്റിക് വൈസ് ചെയര്‍മാനായി ചുമതലയേറ്റു.
ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ ഓണററി ചെയര്‍മാനാണ്. എക്‌സോറിന്റെ ചെയര്‍മാനും ടെമാസെക്കിന്റെ സ്വതന്ത്ര ഡയറക്ടറുമാണ് അദ്ദേഹം. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ സ്ഥാപക ട്രസ്റ്റി, അമേരിക്കന്‍ ഇന്ത്യ ഫൗണ്ടേഷന്റെ ചെയര്‍മാനുമായിരുന്നു.
2012-ല്‍ ഫോറിന്‍ പോളിസി അസോസിയേഷന്‍ മെഡല്‍, എല്ലിസ് ഐലന്‍ഡ് മെഡല്‍ ഓഫ് ഓണര്‍, 2019-ല്‍ ബിസിനസ് കൗണ്‍സില്‍ ഫോര്‍ ഇന്റര്‍നാഷണല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗിന്റെ ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *