ഇന്ത്യന്‍ ബോണ്ടുകളെ ബ്ലൂംബെര്‍ഗ് എമര്‍ജിംഗ് മാര്‍ക്കറ്റ് ലോക്കല്‍ കറന്‍സി ഇന്‍ഡെക്സില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 2025 ജനുവരി 31 മുതല്‍ 10 മാസംകൊണ്ടാണ് ഇത് നടപ്പാകുക. ഇതു വഴി 500 കോടി ഡോളറിന്റെ (ഏകദേശം 41,000 കോടി രൂപ) നിക്ഷേപം കടപ്പത്രങ്ങളിലേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ ഡോളര്‍ ഇന്ത്യയിലേക്ക് ഒഴുകുന്നത് രൂപയ്ക്ക് കരുത്താകും. ഡോളറിനെതിരെ രൂപ 82ന് താഴേക്ക് പോകുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യന്‍ ബോണ്ടുകളെ ഗ്ലോബല്‍ ബോണ്ട് ഇന്‍ഡെക്സിലെ എമര്‍ജിംഗ് വിഭാഗത്തില്‍ അടുത്ത ജൂണ്‍ മുതല്‍ ഉള്‍പ്പെടുത്തുമെന്ന് ജെ.പി മോര്ഗന് പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് ബ്ലൂംബെര്‍ഗിന്റെ തീരുമാനം. ബ്ലൂംബെര്‍ഗ് ഇ.എം ലോക്കല്‍ കറന്‍സി ഗവണ്മെന്റ് ഇന്‍ഡെക്സ്, ബ്ലൂംബെര്‍ഗ് ഇ.എം ലോക്കല്‍ കറന്‍സി ഗവണ്മെന്റ് ഇന്‍ഡെക്സ് 10% കണ്ട്രി ക്യാപിഡ് ഇന്‍ഡെക്സ്, കൂടാതെ എല്ലാ അനുബന്ധ ഉപസൂചികകളിലും ഇതോടെ ഇന്ത്യന്‍ ബോണ്ടുകള്‍ക്ക് ഇടം കണ്ടെത്താനാകും. കൂടാതെ ബ്ലൂംബെര്‍ഗ് എമര്‍ജിംഗ് മാര്‍ക്കറ്റ് 10% കണ്ട്രി ക്യാപ്ഡ് ഇന്‍ഡെക്സിലേക്ക് ഘട്ടംഘട്ടമായി പൂര്‍ണമായും മാറുമ്പോള്‍ 10 ശതമാനം പരിധിയില്‍ എത്തുന്ന വിപണികളായ ചൈനയ്ക്കും ദക്ഷിണ കൊറിയയ്ക്കുമൊപ്പം ഇന്ത്യയും ചേരും. സൂചികയില്‍ ഉള്‍പ്പെടുത്തി ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യയെ ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ അഗ്രഗേറ്റ് സൂചികയിലേക്ക് ചേര്‍ക്കാനാകുമെന്നും ബ്ലൂംബെര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് വഴി 150-200 കോടി ഡോളര്‍ ഫണ്ട് ഒഴുകാനിടയാക്കും. ആഗോള നിക്ഷേപകര്‍ക്കിടയില്‍ ഇന്ത്യന്‍ ബോണ്ടുകള്‍ക്ക് ആകര്‍ഷകത്വം കൂട്ടാന്‍ ഇതിടയാക്കും. ധാരാളം നിക്ഷേപകര്‍ ഇന്ത്യയിലേക്കെത്തി കടപ്പത്രങ്ങളില്‍ നിക്ഷേപിക്കും. വിപണിയില്‍ കൂടുതല്‍ ആവശ്യക്കാരുണ്ടാകുന്നതോടെ ലിക്വിഡിറ്റിയും കൂടും. ആവശ്യക്കാര്‍ കൂടുന്നത് വഴി സര്‍ക്കാരിന് കുറഞ്ഞ നിരക്കില്‍ കടമെടുക്കാം. വായ്പാ ചെലവ് കുറയ്ക്കാനുമിടയാക്കും.