ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ‘ഇന്ത്യന്‍ 2’. ഉലകനായകന്‍ കമല്‍ഹാസനും സ്റ്റാര്‍ ഡയറക്ടര്‍ ശങ്കറും ഒന്നിക്കുന്ന ചിത്രത്തിന്റെ ട്രെയിലര്‍ സാങ്കേതിക തികവുകൊണ്ട് മികച്ചു നില്‍ക്കുന്നതാണ്. സേനാപതി ഈസ് ബാക്ക് ഇന്‍ സ്റ്റൈല്‍ എന്ന ക്യാപ്ഷനോടെയാണ് ലൈക്ക പ്രൊഡക്ഷന്‍സ് ട്രെയിലര്‍ പങ്കുവെച്ചിരിക്കുന്നത്. രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍. ദശാവതാരം, വിശ്വരൂപം തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം താരത്തിന്റെ വ്യത്യസ്ത ഗെറ്റപ്പുകള്‍ ഇതില്‍ കാണാം. ഒന്നാം ഭാഗത്തില്‍ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥന്റെ കഥാപാത്രത്തെ എഐ സാങ്കേതിക വിദ്യയിലൂടെ ഇന്ത്യന്‍ 2ല്‍ കൊണ്ടുവരുന്നു. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരും ഇന്ത്യന്‍ 2 ല്‍ അണിനിരക്കുന്നു. ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. അനിരുദ്ധ് ആണ് സംഗീത സംവിധാനം. പാ വിജയ്, താമരൈ, കബിലന്‍ വൈരമുത്തു, തെരുക്കുറല്‍ അറിവ് എന്നിവരാണ് വരികള്‍ എഴുതിയത്. ഇന്ത്യന്‍ 2 എന്ന ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലന്‍ സ്വന്തമാക്കിയിട്ടുണ്ട്. ചിത്രം ജൂലൈ 12 ന് തിയേറ്ററുകളിലെത്തും.