കഴിഞ്ഞ നാലു മാസങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 20 ശതമാനം വര്‍ധന. 50,112 കോടി രൂപയുടെ കയറ്റുമതിയാണ് നടന്നത്. മെയ് മാസത്തിലാണ് ഏറ്റവും ഉയര്‍ന്ന തോതിലുള്ള കയറ്റുമതി. 14,300 കോടിയോളം രൂപ. ഊര്‍ജ, ഇലക്ട്രോണിക്സ്, കാര്‍ഷിക മേഖലകളില്‍ നിന്നുള്ള കയറ്റുമതിയിലാണ് പ്രധാനമായും വര്‍ധനയുള്ളത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 53 കോടി ഡോളറിന്റെ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളാണ് ചൈനയിലേക്ക് കയറ്റി അയച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്ന് മടങ്ങ് വര്‍ധന. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 88 കോടി ഡോളറിന്റേതാണ്. രത്നങ്ങളും ജുവലറികളും ഉള്‍പ്പെടുന്ന മേഖലയില്‍ നിന്ന് മുന്‍ വര്‍ഷത്തേക്കാള്‍ 72 ശതമാനം കയറ്റുമതി വര്‍ധനയുണ്ടായതായും കണക്കുകള്‍ കാണിക്കുന്നു. കാര്‍ഷികോല്‍പ്പന്നങ്ങള്‍, കെമിക്കലുകള്‍ എന്നിവയുടെ കയറ്റുമതിയിലും വര്‍ധനയാണുള്ളത്. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രധാനമായും ഫാര്‍മസ്യൂട്ടിക്കല്‍, ഇലക്ടോണിക്സ്, സെമികണ്ടക്ടറുകള്‍, യന്ത്രങ്ങള്‍, പ്ലാസ്റ്റിക്, കെമിക്കലുകള്‍, വ്യവസായ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഇറക്കുമതിയാണ് നടക്കുന്നത്.