ഉദയനിധി സ്റ്റാലിന്‍ നായകനായെത്തുന്ന ‘മാമന്നനില്‍’ എ.ആര്‍. റഹ്മാന്റെ സംഗീതത്തില്‍ പിന്നണി പാടി നടന്‍ വടിവേലു. മാരി സെല്‍വരാജ് ആണ് മാമന്നന്റെ സംവിധായകന്‍. തമിഴിലെ ജനപ്രിയ ഹാസ്യതാരമായ വടിവേലു ഇതിനു മുന്‍പും ഗായകന്റെ വേഷമണിഞ്ഞിട്ടുണ്ട്. എ.ആര്‍. റഹ്മാന്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ തന്റെ പുതിയ ഗായകനെ പ്രഖ്യാപിച്ചത്. മെയ് ആറിന് ചെന്നൈയിലെ റഹ്മാന്റെ സ്റ്റുഡിയോയില്‍ വച്ചായിരുന്നു പാട്ടിന്റെ റെക്കോര്‍ഡിങ്. വടിവേലുവിനൊപ്പമുള്ള റെക്കോര്‍ഡിങ് അനുഭവം വളരെ മികച്ചതായിരുന്നുവെന്നും അദ്ദേഹം തങ്ങളെയെല്ലാവരെയും ഏറെ ചിരിപ്പിച്ചുവെന്നും റഹ്മാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. പരിയേറും പെരുമാള്‍, കര്‍ണന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാമന്നന്‍’. ചിത്രത്തില്‍ ഫഹദ് ഫാസില്‍ വില്ലന്‍ വേഷത്തിലെത്തുന്നു. കീര്‍ത്തി സുരേഷ് ആണ് നായിക.