പാലുല്‍പന്നങ്ങള്‍, കാബേജ്, പയര്‍, ബിയര്‍, ശീതള പാനീയങ്ങള്‍, ച്യൂയിങ് ഗം എന്നിവ കഴിച്ചതിനു ശേഷം ചിലര്‍ക്ക് വയറില്‍ ഗ്യാസ് വന്ന് വീര്‍ക്കാറുണ്ട്. ഉറക്ക ഗുളിക, സെഡേറ്റീവുകള്‍, ആന്റി ഡിപ്രസന്റ് ഗുളികകള്‍ എന്നിവയാലും ചിലര്‍ക്ക് വയര്‍ കമ്പനം വരാം. എന്നാല്‍ ഇതിനൊപ്പം വിശപ്പില്ലായ്മയും അനുഭവപ്പെട്ടാല്‍ അത് ചില ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ രോഗങ്ങളുടെ ലക്ഷണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഭക്ഷണത്തിലെ അണുബാധ, വിട്ടുമാറാത്ത മലബന്ധം, ലാക്ടോസ് ഇന്‍ടോളറന്‍സ്, ഗ്യാസ്ട്രിറ്റിസ്, പെപ്റ്റിക് അള്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ ലക്ഷണങ്ങളാകാം ഗ്യാസും വിശപ്പില്ലായ്മയും. വയര്‍ വേദന, വയറില്‍ എരിപൊരി സഞ്ചാരം, ഓക്കാനം, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങളും ഇവയ്‌ക്കൊപ്പം ശ്രദ്ധയില്‍പ്പെടാം. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ക്രോണ്‍സ് ഡിസീസ്, അള്‍സറേറ്റീവ് കോളൈറ്റിസ്, സീലിയാക് ഡിസീസ്, ഹുക്ക് വേം അണുബാധകള്‍, ഗിയാര്‍ഡിയാസിസ്, ഗ്യാസ്‌ട്രോഈസോഫാഗല്‍ റിഫ്‌ലക്‌സ് രോഗം എന്നിവ മൂലം ഈ ലക്ഷണങ്ങള്‍ വരാം. മരുന്ന് കഴിച്ചിട്ടും രണ്ട് ആഴ്ചയിലധികം നീണ്ടു നില്‍ക്കുന്ന വയര്‍ കമ്പനവും വിശപ്പില്ലായ്മയും ഭാരനഷ്ടവും വിളറിയ ചര്‍മവും ചര്‍മത്തിന് മഞ്ഞ നിറവുമെല്ലാം അണ്ഡാശയത്തിനും കോളനും വയറിനും പാന്‍ക്രിയാസിനും വരുന്ന അര്‍ബുദത്തിന്റെ കൂടി ലക്ഷണമാകാം. വയറും കുടലുമായുമൊന്നും ബന്ധമില്ലാത്ത ഫാറ്റി ലിവര്‍, തൈറോയ്ഡ് പോലുള്ള രോഗങ്ങളുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇതിനാല്‍ ഇത്തരം ലക്ഷണങ്ങളെ നിസ്സാരമായി അവഗണിക്കാതെ ഡോക്ടറെ കണ്ട് രോഗനിര്‍ണയം നടത്തേണ്ടത് അത്യാവശ്യമാണ്. അമിതമായ കഫൈന്‍ ഒഴിവാക്കല്‍, ഭക്ഷണത്തിലെ നാരുകളുടെ തോത് വര്‍ധിപ്പിക്കല്‍ പോലുള്ള ഭക്ഷണക്രമ മാറ്റങ്ങള്‍ ഈ ലക്ഷണങ്ങളെ ശമിപ്പിക്കാന്‍ സഹായിക്കും. പതിയെ കഴിക്കുന്നതും നിവര്‍ന്നിരുന്ന് കഴിക്കുന്നതും ദഹനക്കേടിനുള്ള സാധ്യത കുറയ്ക്കും. അമിതമായ ഭക്ഷണം കഴിപ്പും ഒഴിവാക്കണം. ആവശ്യത്തിന് വെള്ളം കുടിക്കാനും നിത്യവും വ്യായാമം ചെയ്യാനും ശ്രദ്ധിക്കേണ്ടതാണ്.