പ്രതീക്ഷിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തത് ഇഷ്യു വിലയേക്കാള്‍ താഴ്ന്ന നിലവാരത്തില്‍. നിക്ഷേപകരെ കനത്ത നിരാശയിലാക്കി ഇഷ്യുവിന്റെ ഉയര്‍ന്ന വിലയേക്കാള്‍ 1.5 ശതമാനം താഴ്ന്ന് (29 രൂപ) 1,931 രൂപയിലാണ് ഓഹരി ബി.എസ്.ഇയില്‍ വ്യാപാരം ആരംഭിച്ചത്. എന്‍.എസ്.ഇയില്‍ 1.3 ശതമാനം (26 രൂപ) ഇടിഞ്ഞ് 1,934 രൂപയിലും. 1,865-1,960 രൂപയായിരുന്നു ഐ.പി.ഒ വില. ഐ.പി.ഒയ്ക്ക് മുന്‍പ് 300 ശതമാനം വരെ പ്രീമിയത്തില്‍ ആയിരുന്നു ഓഹരിയുടെ ഗ്രേ മാര്‍ക്കറ്റ് വ്യാപാരം. പിന്നീട് ഇത് കുത്തനെ താഴുകയായിരുന്നു. ഇന്ന് വ്യാപാരം പുരോഗമിക്കവെ ഓഹരി വില 3.57 ശതമാനം ഇടിഞ്ഞ് 1,846 രൂപ വരെ താഴേക്ക് പോയി. ലിസ്റ്റിംഗ് വില അനുസരിച്ച് 1.50 ലക്ഷം കോടി രൂപയാണ് ഹ്യുണ്ടായ് ഇന്ത്യയുടെ വിപണി മൂല്യം. 27,870 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ഐ.പി.ഒയ്ക്ക് മൊത്തം 2.37 മടങ്ങ് സബ്സ്‌ക്രിപ്ഷനാണ് ലഭിച്ചത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 6,060 കോടി രൂപയാണ് ഹ്യുണ്ടായ് രേഖപ്പെടുത്തിയ ലാഭം. മുന്‍വര്‍ഷത്തെക്കാള്‍ 28.7 ശതമാനം വര്‍ധന. വരുമാനം ഇക്കാലയളവില്‍ 15.8 ശതമാനം ഉയര്‍ന്ന് 69,829 കോടിയായി. നടപ്പു സാമ്പത്തിക വര്‍ഷത്തെ (2024-25) ആദ്യ പാദത്തില്‍ ലാഭം 1,489.6 കോടിയും വരുമാനം 17,344.2 കോടിയുമാണ്.