പ്രീമിയം ഹാച്ച്ബാക്ക് ഐ20യുടെ പുതിയ പതിപ്പ് പുറത്തിറക്കി ഹ്യുണ്ടേയ്. 6.99 ലക്ഷം മുതല്‍ 11.01 ലക്ഷം രൂപ വരെയാണ് പുതിയ മോഡലിന്റെ എക്‌സ്‌ഷോറൂം വില. മുന്നിലും പിന്നിലും മാറ്റങ്ങളും ഇന്റീരിയറിലെ പുതിയ കളര്‍ സ്‌കീമും ഫീച്ചറുകളുമായിട്ടാണ് ഐ20 എത്തിയിരിക്കുന്നത്. 1.2 ലീറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനോട് കൂടി മാത്രമേ പുതിയ മോഡല്‍ ലഭിക്കൂ. ഇറ, മാഗ്ന, സ്‌പോര്‍ട്‌സ്, ആസ്ത, ആസ്ത (ഓപ്ഷണല്‍) എന്നീ വേരിയന്റുകളില്‍ മാനുവല്‍, സിവിടി ഓപ്ഷനുകളിലാണ് വാഹനം ലഭിക്കുന്നത്. ഇറ മാനുവലിന് 6.99 ലക്ഷം രൂപയും മാഗ്ന മാനുവലിന് 7.69 ലക്ഷം രൂപയുമാണ് വില. സ്‌പോര്‍ട്‌സ് വേരിയന്റിന്റെ മാനുവല്‍ പതിപ്പിന് 8.23 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 9.37 ലക്ഷം രൂപയും. ആസ്ത പതിപ്പില്‍ മാനുവല്‍ മാത്രമേയുള്ളൂ, വില 9.28 ലക്ഷം രൂപ. ആസ്ത ഓപ്ഷണല്‍ മാനുവലിന് 9.97 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 11.01 ലക്ഷം രൂപയുമാണ് വില. 1.2 ലീറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ മാത്രമാണ് പുതിയ മോഡലില്‍ ലഭിക്കുക. അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളുണ്ട്. 88 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്‍ജിന്. കഴിഞ്ഞ മോഡലില്‍ ഉണ്ടായിരുന്ന 1 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ പുതിയ മോഡലില്‍ ഇല്ല.