വാഹനങ്ങളുടെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ച് ഹ്യുണ്ടേയ് ഇന്ത്യ. ക്രേറ്റ, അല്‍ക്കസാര്‍, അയോണിക് 5 എന്നീ എസ്യുവികളുടെ അടിസ്ഥാന വകഭേദം മുതല്‍ ആറ് എയര്‍ബാഗുകള്‍ ഹ്യുണ്ടേയ് നല്കുന്നു. വെന്യു, ഗ്രാന്‍ഡ് ഐ10 നിയോസ്, ഓറ തുടങ്ങിയ മോഡലുകള്‍ക്ക് നാല് എയര്‍ബാഗുകളും ഹ്യുണ്ടേയ് നല്‍കിയിട്ടുണ്ട്. കൂടാതെ എല്ലാ മോഡലുകളിലും ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറും നല്‍കുന്നുണ്ട്. ഗ്രാന്‍ഡ് ഐ10 നിയോസ്, ഓറ തുടങ്ങിയ വാഹനങ്ങള്‍ക്ക് സെഗ്മെന്റില്ത്തന്നെ ആദ്യമായിട്ടാണ് നാലു എയര്‍ബാഗ് ലഭിച്ചത്. ക്രേറ്റ, അല്‍ക്കസാര്‍ തുടങ്ങിയ മോഡലുകളിലെ സുരക്ഷാ സംവിധാനങ്ങളായ ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്ട്രോള്, വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്മെന്‍ഡ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് കണ്ട്രോള് എന്നിവ അപ്ഗ്രേഡ് ചെയ്തിട്ടുമുണ്ട്. നേരത്തേ ട്യൂസോണില്‍ മാത്രമുണ്ടായിരുന്ന ഹ്യുണ്ടേയ് സ്മാര്‍ട് സെന്‍സ് ലെവല്‍2 എഡിഎഎസ് ഫീച്ചര്‍ അയോണിക് 5ലും പുതിയ വെര്‍നയിലും നല്‍കിയിട്ടുണ്ട്.