കേരളത്തില്‍ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഒറ്റ ദിവസം കൊണ്ട് പവന്‍ വില 600 രൂപ ഉയര്‍ന്ന് 57,640 രൂപയിലെത്തി. ഗ്രാം വിലയില്‍ 75 രൂപയുടെ വര്‍ധനയാണുണ്ടായത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 65 രൂപ ഉയര്‍ന്ന് 5,950 രൂപയിലെത്തി. വെള്ളി വിലയും വലിയ മുന്നേറ്റത്തിലാണ്. ഗ്രാമിന് മൂന്ന് രൂപ വര്‍ധിച്ച് 101 രൂപയിലെത്തി. നീണ്ട ഇടവേളയക്ക് ശേഷമാണ് വെള്ളി വില നൂറു രൂപ കടക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ വില ഇന്ന് 2,671 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ചൈനയുടെ കേന്ദ്ര ബാങ്ക് ആറ് മാസത്തിനു ശേഷം വീണ്ടും സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയതാണ് അന്താരാഷ്ട്ര വിലയില്‍ മുന്നേറ്റമുണ്ടാക്കിയത്. രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലാണ് സ്വര്‍ണം. യു.എസിലെ പണപ്പെരുപ്പ കണക്കുകള്‍ നാളെ പുറത്തു വരാനിരിക്കെ നിക്ഷേപകര്‍ ശ്രദ്ധയോടെയാണ് നീങ്ങുന്നത്. യു.എസിലെ ഉപഭോക്തൃ വില സൂചിക വിവരങ്ങളും നിര്‍ണായകമാണ്. ഡിസംബര്‍ 17-18 തീയതികളില്‍ നടക്കാനിരിക്കുന്ന പണനയ യോഗത്തെ പ്രധാനമായും സ്വാധീനിക്കുക ഈ കണക്കുകളാകും.