വീല്‍ സ്പീഡ് സെന്‍സറിന്റെയും ക്യാംഷാഫ്റ്റിന്റെയും തകരാറുകള്‍ കാരണം ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സിബി350, ഹൈനെസ് സിബി350 മോട്ടോര്‍സൈക്കിളുകളുടെ ചില യൂണിറ്റുകള്‍ തിരിച്ചുവിളിച്ചു. 2020 ഒക്ടോബറിനും 2024 ഏപ്രിലിനും ഇടയില്‍ നിര്‍മ്മിച്ച സിബി300എഫ്, സിബി300ആര്‍, സിബി350, ഹൈനെസ് സിബി350, സിബി350ആര്‍എസ് എന്നിവ വീല്‍ സ്പീഡ് സെന്‍സറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ഈ ബൈക്കുകളെല്ലാം തിരിച്ചുവിളിക്കുന്നത്. അനുചിതമായ മോള്‍ഡിംഗ് പ്രക്രിയ പിന്തുടരുന്നതിനാല്‍, വീല്‍ സ്പീഡ് സെന്‍സറിലേക്ക് വെള്ളം കയറാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷിച്ചതായും കമ്പനി അറിയിച്ചു. ക്യാംഷാഫ്റ്റ് ഘടകത്തിലെ പ്രശ്നം കാരണമാണ് സിബി350, ഹൈനെസ് സിബി350, സിബി350ആര്‍എസ് എന്നിവയുടെ യൂണിറ്റുകള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നത്.