ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും സുസുക്കിയും ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹന രംഗത്തേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുന്നു. 2024 മാര്‍ച്ചോടെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കുമെന്ന് ഹോണ്ട ഔദ്യോഗികമായി പ്രഖ്യാപിച്ചു. അതേസമയം സുസുക്കി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ 2025 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കും. നിലവിലുള്ള ആക്ടിവ സ്‌കൂട്ടറിന്റെ ഇലക്ട്രിക് പതിപ്പ് ഹോണ്ട പുറത്തിറക്കും. അതില്‍ ഇലക്ട്രിക് പവര്‍ട്രെയിന്‍ അവതരിപ്പിക്കും. ആക്ടിവ ഇവിക്ക് ശേഷം ഹോണ്ടയുടെ രണ്ടാമത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറങ്ങും, ഇത് പൂര്‍ണ്ണമായും പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ബ്രാന്‍ഡിന്റെ രണ്ടാമത്തെ ഇവി, സ്വാപ്പ് ചെയ്യാവുന്ന ബാറ്ററി സെറ്റ്-അപ്പ് കൊണ്ട് ഘടിപ്പിച്ച് ഉയര്‍ന്ന പ്രകടനം വാഗ്ദാനം ചെയ്യും. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയ്ക്കായുള്ള ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കുമെന്ന് സുസുക്കിയും ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇലക്ട്രിക് വാഹനം ചെറിയതും ഇടത്തരവുമായ മോട്ടോര്‍സൈക്കിളായിരിക്കും, അത് ദൈനംദിന ഗതാഗതത്തിനായി ഉപയോഗിക്കാം.