ഇന്ത്യന്‍ സിനിമയില്‍ത്തന്നെ ഏറ്റവും കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രങ്ങളിലൊന്നാണ് ‘ടോക്‌സിക്’. കന്നഡ സിനിമയെ പാന്‍ ഇന്ത്യന്‍ ആക്കിയ കെജിഎഫ് ഫ്രാഞ്ചൈസിയിലെ നായകന്‍ യഷ് അഭിനയിക്കുന്ന അടുത്ത ചിത്രം എന്നതാണ് അതിന് കാരണം. ഗീതു മോഹന്‍ദാസ് ആണ് ചിത്രത്തിന്റെ സംവിധാനം എന്നത് മലയാളികളെ സംബന്ധിച്ച് ഈ പ്രോജക്റ്റിന്മേല്‍ താല്‍പര്യക്കൂടുതല്‍ ഉണ്ടാക്കുന്ന ഘടകമാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് ടോക്‌സിക്കിന്റെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ വിദേശ റിലീസിന് വേണ്ടി നിര്‍മ്മാതാക്കള്‍ ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാണ, വിതരണ കമ്പനിയായ ട്വന്റിയത് സെഞ്ചുറി സ്റ്റുഡിയോയുമായി ചര്‍ച്ചകള്‍ നടത്തുകയാണ്. ഈ വര്‍ഷം ഇന്ത്യന്‍ സ്‌ക്രീനുകളില്‍ എത്തേണ്ട പ്രധാന ചിത്രങ്ങളിലൊന്നാണ് ടോക്‌സിക്. റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ക്രിസ്മസ് റിലീസ് ആയാവും ചിത്രം എത്തുക. സിനിമയുടെ ചിത്രീകരണം നിലവില്‍ അവസാന ഘട്ടത്തില്‍ ആണ്.