സംസ്ഥാനത്തിന് അർഹതപ്പെട്ട കേന്ദ്രവിഹിതം കൃത്യമായി നൽകാത്തത് ഫെഡറൽ ആശയങ്ങൾക്ക് എതിരാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് പോലും കേന്ദ്രത്തിൽ നിന്നും കൃത്യമായി ഫണ്ടുകൾ നമുക്ക് ലഭിച്ചിട്ടില്ല.എൻ എച്ച് എം പദ്ധതികൾ നടത്തിക്കൊണ്ടു പോകാൻ സംസ്ഥാനം ഒരുപാട് ബുദ്ധിമുട്ടുന്നുണ്ട്. എന്‍എച്ച്എം പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിക്കേണ്ടത് 826.02 കോടി രൂപയാണ്. സംസ്ഥാനം നല്‍കുന്നത് 550.68 കോടിയും. എന്‍എച്ച്എം പ്രവര്‍ത്തനങ്ങള്‍ക്ക് ക്യാഷ് ഗ്രാന്റായി അനുവദിക്കുന്ന 371.20 കോടി 4 ഗഡുക്കളായാണ് അനുവദിക്കുന്നത്. 3 ഗഡുക്കള്‍ അനുവദിക്കേണ്ട സമയം കഴിഞ്ഞുവെങ്കിലും ഒരു ഗഡു പോലും ഇതുവരെ അനുവദിച്ചിട്ടില്ല. സംസ്ഥാന വിഹിതം ലഭ്യമാക്കിയാണ് ഇപ്പോൾ മുന്നോട്ടുപോകുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ഫണ്ട് ലഭിക്കാത്തത് മൂലം ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ്, സൗജന്യ പരിശോധനകള്‍ തുടങ്ങിയയെല്ലാം പ്രതിസന്ധിയിലാണ്. അതിനാല്‍ എത്രയും വേഗം ഫണ്ട് അനുവദിക്കേണ്ടതാണ് എന്നും മന്ത്രി പറഞ്ഞു. കോ-ബ്രാന്‍ഡിംഗ് നടത്തിയില്ല എന്നതാണ് ഫണ്ടനുവദിക്കുന്നതില്‍ കേന്ദ്രം തടസമായി പറയുന്നതെങ്കില്‍ അതും വാസ്തവവിരുദ്ധമാണ്. കേന്ദ്രത്തിന്റെ നിർദ്ദേശം അനുസരിച്ച് എല്ലാ നടപടിക്രമങ്ങളും സംസ്ഥാനം ഇതുവരെ പൂർത്തീകരിച്ചിട്ടുണ്ട്. മുടങ്ങിക്കിടക്കുന്ന ഫണ്ടുകൾ ഉടൻ അനുവദിക്കണമെന്നാണ് അഭ്യർത്ഥന എന്നും മന്ത്രി പറഞ്ഞു.