ശബരിമല തീർത്ഥാടനത്തിനായി വരുന്നവർക്ക് മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു . ആശുപത്രികളിൽ പ്രത്യേകം സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിൽ ശബരിമല പ്രത്യേക ആശുപത്രിയായി കോന്നി മെഡിക്കൽ കോളജിനെ തെരഞ്ഞെടുത്തു . ഐസിയു, വെന്റിലേറ്റർ സൗകര്യം ഉൾപ്പെടെ 30 ബെഡുകളും കാഷ്വൽറ്റിയിൽ പ്രത്യേകം ബെഡുകളും സജ്ജീകരിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളേജിലും തീർത്ഥാടകർക്കായി ബെഡുകൾ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ പമ്പയിലെ കൺട്രോൾ സെന്റർ 24 മണിക്കൂറും പ്രവർത്തിക്കും. ആരോഗ്യ പ്രവർത്തകരുടെയും വിവിധ ഭാഷകൾ കൈകാര്യം ചെയ്യുന്നവരുടെയും സേവനം ഇവിടെ ഉറപ്പാക്കും. കലക്ടറേറ്റ്, സർക്കാർ ആശുപത്രികൾ എന്നിവയുമായി ലിങ്ക് ചെയ്ത് ടെലിഫോൺ കണക്ഷനും ലഭ്യമാക്കും. ഈ മാസം 10 നകം ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.