പഴങ്ങള്‍ ആരോഗ്യഗുണങ്ങളുടെ കലവറയാണ്. വൈറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍ എന്നിവയും ആരോഗ്യവും സൗഖ്യവുമേകുന്ന നിരവധി സംയുക്തങ്ങളും പഴങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും ഒന്നര മുതല്‍ രണ്ടു കപ്പ് വരെ പഴങ്ങള്‍ കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ദിവസവും പഴങ്ങള്‍ കഴിച്ചാല്‍ ലഭിക്കുന്ന ആരോഗ്യഗുണങ്ങള്‍ എന്തൊക്കെ എന്നറിയാം. കാലറി വളരെ കുറവും നാരുകള്‍ ധാരാളവും അടങ്ങിയിട്ടുള്ളതിനാല്‍ ദിവസവും പഴങ്ങള്‍ കഴിക്കുന്നത് ശരീരഭാരം കുറയാന്‍ സഹായിക്കും. നാരുകള്‍ ധാരാളമടങ്ങിയ, എന്നാല്‍ പഞ്ചസാര കുറച്ചു മാത്രമടങ്ങിയ പാഷന്‍ ഫ്രൂട്ട്, റാസ്പ്‌ബെറി, ബ്ലാക്ക്‌ബെറി, മാതളം തുടങ്ങിയ പഴങ്ങള്‍ പതിവായി കഴിക്കുന്നത് പൊണ്ണത്തടി കുറയാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കും. വ്യത്യസ്ത നിറങ്ങളിലുള്ള പലതരം പഴങ്ങള്‍ കഴിക്കുന്നത് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും. പഴങ്ങളിലടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളെ പ്രതിരോധിക്കുകയും ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുകയും ചെയ്യും. പഴങ്ങളുടെ നിറങ്ങള്‍ക്കും അവയുടെ ആരോഗ്യഗുണങ്ങള്‍ക്കും പിന്നില്‍ ഈ ആന്റിഓക്‌സിഡന്റുകളാണ്. ആന്റിഓക്‌സിഡന്റുകള്‍ ധാരാളമടങ്ങിയ ബെറിപ്പഴങ്ങള്‍, ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാന്‍ സഹായിക്കും. നാരകഫലത്തില്‍പ്പെട്ട ഓറഞ്ചും ഇത്തരത്തില്‍ ആരോഗ്യഗുണങ്ങളേകും. പോഷകങ്ങള്‍ ധാരാളം അടങ്ങിയതിനാല്‍ ഒരു ബൗള്‍ നിറയെ പഴങ്ങള്‍ പതിവായി കഴിക്കുന്നത് രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കും. പഴങ്ങളില്‍ അടങ്ങിയ നാരുകള്‍ ഉദരാരോഗ്യം മെച്ചപ്പെടുത്തും. ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കാനും പ്രയോജനകാരികളായ നല്ല ബാക്ടീരിയകളുടെ എണ്ണം കൂട്ടാനും പഴങ്ങള്‍ സഹായിക്കും. ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ പതിവായി പഴങ്ങള്‍ കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. മിക്ക പഴങ്ങളിലും ജലാംശം ധാരാളമുണ്ട്. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു.