നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് കെ എസ് ആർ ടി സി ബസ്സുകൾ ആവശ്യപ്പെട്ട് തീർഥാടകൻ ഹൈക്കോടതിക്ക് കത്തയച്ചു. ഇക്കാര്യത്തിൽ വൈകിട്ട് നാലുമണിക്കകം മറുപടി നൽകാൻ പത്തനംതിട്ട ജില്ലാ കലക്ടർക്കും എസ്പിക്കും ദേവസ്വം ബെഞ്ചിന്റെ നിർദേശം. തീർഥാടകന്റെ പരാതി വൈകിട്ട് 4ന് കോടതി പരിഗണിക്കും.
എന്നാൽ ശബരിമല മണ്ഡലകാല മഹോത്സവവുമായി ബന്ധപ്പെട്ട് വിപുലമായ ക്രമീകരണങ്ങളാണ് കെ എസ് ആർ ടി സി ഒരുക്കിയിരിക്കുന്നത്. കെ എസ് ആർ ടി സി പമ്പ – നിലയ്ക്കൽ ചെയിൻ സർവീസുകൾ സർവകാല നേട്ടം കൊയ്തുവെന്നാണ് കണക്കുകൾ. മണ്ഡലകാലം തുടങ്ങി നവംബർ 30 വരെ 6,79,68,884 രൂപയുടെ കളക്ഷനാണ് നേടിയത്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള (17.5 കിലോമീറ്റർ) ചെയിൻ സർവീസിലൂടെ മാത്രം 10,93,716 പേരാണ് ശബരിമലയിൽ എത്തിയത്. ഇതോടൊപ്പം പമ്പയിൽ നിന്ന് വിവിധ ക്ഷേത്രങ്ങളിലേക്ക് സ്പെഷ്യൽ സർവീസുകൾ എന്നിവ നടത്തിവരുന്നു. അടുത്ത ഒരാഴ്ചയ്ക്കകം ചെന്നൈ, മധുര സർവീസുകളും ആരംഭിക്കുന്നതോടെ വരുമാന നേട്ടം സർവ്വകാല റെക്കോഡിൽ എത്തുമെന്നാണ് പ്രതീക്ഷ.