ബോൾഗാട്ടി പാലസ് നമ്മളിൽ പലരും കണ്ടു കാണും. പക്ഷേ അത് എന്ന് ആര് നിർമ്മിച്ചു എന്നതിനെ കുറിച്ചൊന്നും പലർക്കും അറിയുകയില്ല. ഇന്ന് നമുക്ക് ബോൾഗാട്ടി പാലസിന്റെ ചരിത്രം ഒന്ന് നോക്കാം…!!!
കൊച്ചിയിൽ ഡച്ചുകാർ നിർമ്മിച്ച ഒരു കൊട്ടാരമാണ് ബോൾഗാട്ടി പാലസ്. ഇന്ന് കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ പരിപാലിക്കുന്ന ഒരു പൈതൃക ഹോട്ടലായ ഈ കൊട്ടാരം ബോൽഗാട്ടി ദ്വീപിലാണ് നിലകൊള്ളുന്നത്. നിർമ്മാണ രീതി കൊണ്ടും , പാലസിന്റെ ഭംഗികൊണ്ടും ഏവരെയും ഇത് ഏറെ ആകർഷിക്കുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ബോൾഗാട്ടി പാലസ് പണി കഴിപ്പിച്ചിരിക്കുന്നത്.
ഹോളണ്ടിനു പുറത്ത് ഡച്ചുകാർ പണികഴിപ്പിച്ചതിൽ ഇന്ന് നിലനിൽക്കുന്നതിൽ വച്ച് ഏറ്റവും പഴക്കമുള്ള കൊട്ടാരമാണ് ഇത്. 1744-ൽ ഒരു ഡച്ച് വ്യാപാരിയാണ് ഈ കൊട്ടാരം നിർമ്മിച്ചത് . പിന്നീട് മനോഹരമായ പുൽത്തകിടി അടക്കം പല പരിഷ്കാരങ്ങളും നടത്തി ഈ കൊട്ടാരം മോടി കൂട്ടി. ഡച്ച് ഗവർണ്ണറുടെ ഔദ്യോഗിക വസതിയായി ഈ കൊട്ടാരം പീന്നീട് ഉപയോഗിക്കാൻ തുടങ്ങി.
1909-ൽ ഈ കൊട്ടാരം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി കൊച്ചി രാജാവ് പാട്ടത്തിനു വാങ്ങി. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് ഗവർണ്ണർമാരുടെ വസതിയായി മാറി ഈ കൊട്ടാരം. 1947-ൽ ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചപ്പോൾ ഈ കൊട്ടാരം ഭാരതീയ ഭരണകൂടത്തിന്റെ ഭാഗമായി.1976-ലാണ് കെ.ടി.ഡി.സി. ഈ കൊട്ടാരം ഏറ്റെടുത്തത്. പിന്നീട് ഇതൊരു ഹോട്ടലായി ഉപയോഗിക്കാൻ തുടങ്ങുകയും ചെയ്തു. മനോഹരമായ ഈ കൊട്ടാരം നിരവധി മലയാളചലച്ചിത്രങ്ങളുടെ ചിത്രീകരണത്തിനും വേദിയായിട്ടുണ്ട്. 2001-ൽ കെ.ടി.ഡി.സി 5.1 കോടി രൂപ ചെലവഴിച്ച് ഈ കൊട്ടാരം പുതുക്കിപ്പണിതു.
ഇന്ന് ഈ കൊട്ടാരം ഒരു ഹെറിറ്റേജ് ഹോട്ടൽ റിസോർട്ടായി മാറിക്കഴിഞ്ഞു.ബോൾഗാട്ടി പാലസിൽ നീന്തൽക്കുളം, 9-ഹോൾ ഗോൾഫ് കോഴ്സ്, ആയുർവേദ കേന്ദ്രം എന്നിവയുണ്ട്. ദിവസേനയുള്ള കഥകളി പ്രകടനങ്ങൾ ഇവിടെ ഉണ്ടാക്കാറുണ്ട്. വിനോദസഞ്ചാരികളുടെ അവധിക്കാല കേന്ദ്രവുമാണ് ഈ കൊട്ടാരം.
ഇന്ന് സിനിമാക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ലൊക്കേഷനായി ഈ കൊട്ടാരം മാറിക്കഴിഞ്ഞു. ഫോട്ടോഷൂട്ടുകൾക്കും മറ്റും ഇവിടം ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്നു. പ്രകൃതി ഭംഗി കൊണ്ടും ഏവരെയും ആകർഷിക്കുന്ന ഒരിടമാണിത്. മാത്രമല്ല വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രം കൂടിയാണ് ബോൾഗാട്ടി പാലസ്.