ഹര്‍ഷവര്‍ദ്ധന്‍ റാണെ എന്ന പേര് കേട്ടാല്‍ ചിലപ്പോള്‍ ചിലര്‍ക്ക് ഒട്ടും തന്നെയും പരിചയം കാണുകയില്ല. എന്നാല്‍ സനം തേരി കസം എന്ന ചിത്രത്തിലെ നായകനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. നിരവധി ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലൂടെ വെള്ളിവെളിച്ചത്തില്‍ തിളങ്ങി നില്‍ക്കുന്ന റാണെയുടെ സിനിമായാത്രകള്‍ക്കു ഇനി കൂട്ടാകുന്നത് ഇന്നോവ ഹൈക്രോസ് എം പി വിയാണ്. താരം തന്നെയാണ് പുതിയ എം പി വി വാങ്ങിയതിന്റെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഹൈക്രോസിന്റെ ഹൈബ്രിഡ് ടോപ് എന്‍ഡ് വേരിയന്റാണ് റാണെയുടെ ഗാരിജിലെത്തിയ പുതിയ വാഹനം. സൂപ്പര്‍ വൈറ്റ് നിറമാണ് വാഹനത്തിനായി തെരെഞ്ഞെടുത്തിരിക്കുന്നത്. ഹൈക്രോസ് ഹൈബ്രിഡിന് എക്‌സ് ഷോറൂം വിലവരുന്നത് 25.03 ലക്ഷം മുതല്‍ 29.99 ലക്ഷം വരെയാണ്. ഇന്നോവ ഹൈക്രോസ് പെട്രോള്‍, പെട്രോള്‍ സ്‌ട്രോങ് ഹൈബ്രിഡ് എന്നിങ്ങനെ രണ്ടു എന്‍ജിന്‍ ഓപ്ഷനുകളാണ് വാഹനത്തിനുള്ളത്. ടോപ് മോഡലിലെ പെട്രോള്‍ എന്‍ജിന്‍ 2 .0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ അറ്റ്കിന്‍സണ്‍ സ്ട്രോങ് ഹൈബ്രിഡ് യൂണിറ്റാണ്. 184 ബി എച്ച് പി കരുത്തും 205 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കാന്‍ ശേഷിയുണ്ടിതിന്. 23.24 കിലോമീറ്റര്‍ മൈലേജും നല്‍കും.