അടുത്തിടെ വിപണിയിലെത്തിയ ടാറ്റ ഹാരിയറും സഫാരിയും ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ സുരക്ഷ നേടി. ടാറ്റ നെക്‌സോണ്‍, ആള്‍ട്രോസ്, പഞ്ച് തുടങ്ങിയ ചെറിയ മോഡലുകള്‍ ഇതിനു മുന്‍പ് തന്നെ ജിഎന്‍സിഎപിയുടെ അഞ്ച് സ്റ്റാര്‍ സുരക്ഷ നേടിയിരുന്നു. ടിയാഗോ, ടിഗോര്‍ എന്നീ ചെറിയ വാഹനങ്ങള്‍ക്ക് ക്രാഷ് ടെസ്റ്റില്‍ 4 സ്റ്റാര്‍ മുന്‍പ് ലഭിച്ചിരുന്നു. സഫാരിയുടേയും ഹാരിയറിന്റെ മുന്‍മോഡലുകള്‍ ടാറ്റ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റുകള്‍ക്ക് അയച്ചിരുന്നില്ല. ആറ് എയര്‍ബാഗുകളുള്ള പുതിയ മോഡലിലാണ് ക്രാഷ് െടസ്റ്റ് നടത്തിയത്. ഹാരിയറിന്റേയും സഫാരിയുടേയും അടിസ്ഥാന മോഡല്‍ മുതല്‍ ആറ് എയര്‍ബാഗുകള്‍ നല്‍കുന്നുണ്ട്. ഭാരത് എന്‍സിഎപി നിലവില്‍ വരുന്നതിന് മുമ്പ് ടെസ്റ്റ് ചെയ്യുന്ന അവസാന വാഹനങ്ങളായിരിക്കും ഇതെന്നാണ് ഗ്ലോബല്‍ എന്‍സിഎപി പറയുന്നത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 34 പോയിന്റില്‍ 33.05 പോയിന്റും ഇരുവാഹനങ്ങളും നേടി. ക്രാഷ് ടെസ്റ്റില്‍ 2 വാഹനങ്ങളും ഡ്രൈവറുടെയും യാത്രക്കാരുടെയും തലയ്ക്കും കഴുത്തിനും മികച്ച സംരക്ഷണമാണ് നല്‍കിയത്. ചെസ്റ്റിനും സംരക്ഷണം ഉറപ്പുവരുത്തുന്ന വാഹനം സൈഡ് ഇംപാക്ടില്‍ കര്‍ട്ടന്‍ എയര്‍ബാഗുകളുടെ സുരക്ഷ കൃത്യമായി നിര്‍വഹിച്ചിട്ടുണ്ട്. 15.49 ലക്ഷം രൂപ മുതലാണ് ഹാരിയര്‍ വില ആരംഭിക്കുന്നത്. സഫാരിയുടെ പുതിയ വില 16.19 ലക്ഷം രൂപയാണ്.