രാജ്യത്ത് എച്ച്3എന്‍2 വൈറസ് ബാധ മൂലം മരണം സംഭവിച്ചതിനു പിന്നാലെ കടുത്ത ജാഗ്രതയിലാണ് ആരോഗ്യ മേഖല. ഇന്‍ഫ്ളുവന്‍സ എ വൈറസിന്റെ ഒരു ഉപവിഭാഗമാണ് എച്ച്3എന്‍2, ഇത് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ക്ക് കാരണമാകും. ഇന്‍ഫ്ളുവന്‍സ വൈറസ് ബാധ മനുഷ്യരില്‍ പനിയും കടുത്ത ചുമയും ഉണ്ടാകാന്‍ കാരണമാകുകയും ഇത് പിന്നീട് ന്യുമോണിയ, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം മുതല്‍ മരണത്തിലേക്ക് വരെ നയിക്കുകയും ചെയ്യും. തണുപ്പ്, ചുമ, പനി, ഓക്കാനും, ഛര്‍ദ്ദി, തൊണ്ടവേദന, പേശികളിലും ശരീരത്തിലും വേദന, വയറിളക്കം, തുമ്മല്‍. മൂക്കൊലിപ്പ് എന്നിവയാണ് എച്ച്3എന്‍2 വൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങള്‍. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് തോന്നുകയും നെഞ്ചില്‍ വേദന അല്ലെങ്കില്‍ അസ്വസ്ഥത, തുടര്‍ച്ചയായ പനി, ഭക്ഷണം കഴിക്കുമ്പോള്‍ തൊണ്ടവേദന എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ഉടനെ ഡോക്ടറെ സമീപിക്കണം. വളരെ പെട്ടെന്ന് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന എച്ച്3എന്‍2 ഇന്‍ഫ്ളുവന്‍സ, വൈറസ് ബാധയുള്ള വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും സംസാരിക്കുമ്പോഴും പുറത്തുവരുന്ന സ്രവത്തിലൂടെയാണ് പകരുന്നത്. വൈറസ് സാന്നിധ്യമുള്ള പ്രതലത്തില്‍ സ്പര്‍ശിച്ചശേഷം വായിലോ മൂക്കിലോ തൊട്ടാല്‍ വൈറസ് ശരീരത്തില്‍ പ്രവേശിക്കും. ഗര്‍ഭിണികളായ സ്ത്രീകള്‍, കുട്ടികള്‍, പ്രായമായ ആളുകള്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകളെയൊക്കെ വൈറസ് പെട്ടെന്ന് പിടികൂടും. വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ ശരിയായി വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം. ഇതിന് മുന്‍കരുതലെന്നോണം പതിവായി കൈകള്‍ വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകുക, മാസ്‌ക് ഉപയോഗിക്കുക, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക, ഇടയ്ക്കിടെ വായിലും മൂക്കിലും തൊടുന്നത് ഒഴിവാക്കാം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും നന്നായി മറയ്ക്കുക, ശരീരത്തില്‍ ജലാംശം ഉണ്ടെന്ന് ഉറപ്പാക്കുക, ഇതിനായി ഇടയ്ക്കിടെ വെള്ളം കുടിക്കണം, പനിയോ ശരീരവേദനയോ ഉണ്ടെങ്കില്‍ പാരസെറ്റാമോള്‍ കഴിക്കാം, പൊതുസ്ഥലത്ത് തുപ്പരുത്, ഷേയ്ക്ക്ഹാന്‍ഡ്, ഹഗ്ഗ് പോലുള്ള സ്നേഹപ്രകടനങ്ങള്‍ ഒഴിവാക്കണം, ഡോക്ടറുടെ നിര്‍ദേശമില്ലാതെ സ്വയം ചികിത്സിക്കാന്‍ പാടില്ല. സ്വന്തം ഇഷ്ടപ്രകാരം ആന്റിബയോട്ടിക്കുകള്‍ കഴിക്കരുത്, അടുത്തടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കാം.