‘മഞ്ഞുമ്മല്‍ ബോയ്സ്’ സൂപ്പര്‍ ഹിറ്റ് ആയതോടെ ട്രെന്‍ഡിനൊപ്പം നീങ്ങി സഞ്ചാരികളും. ‘മസിനഗുഡി വഴി ഊട്ടിക്ക്’ തിരിയാതെ വണ്ടി നേരെ വിടുന്നത് കൊടൈക്കനാലിലേക്കാണ്. മഞ്ഞുമ്മല്‍ ഓളം തീര്‍ത്തതോടെ സഞ്ചാരികളുടെ പ്രധാന സ്പോട്ട് ആയി മാറി ഗുണ കേവ്സ്. മലയാള സിനിമയുടെ സീന്‍ മാറ്റിയ മഞ്ഞുമ്മല്‍ ബോയ്സ് ഗുണ കേവ്സിന്റെയും സീന്‍ മാറ്റി. കഴിഞ്ഞ ഒരു മാസത്തിനിടെ അരലക്ഷത്തോളം സഞ്ചാരികളാണ് ഗുണ കേവ്സ് സന്ദര്‍ശിക്കാന്‍ എത്തിയത്. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയില്‍ കാണിക്കുന്ന ഗുണ ഗുഹയിലേക്കുള്ള പാതയും മീറ്ററുകളോളം പടര്‍ന്നു പന്തലിച്ചു കിടക്കുന്ന വേരുകളിലും ഇരുന്നു ചിത്രങ്ങള്‍ എടുക്കാന്‍ വന്‍ തിരക്കാണിപ്പോള്‍. സിനിമ റിലീസായതിന് പിന്നാലെ കേരളത്തില്‍ നിന്നുള്ള സഞ്ചാരികളാണ് കൂടുതലായി കൊടൈക്കനാലിലേക്കും ഗുണ കേവ്സിലേക്കും എത്തിയിരുന്നത്. പിന്നാലെ തമിഴ്നാട്ടിലും സിനിമ ഹിറ്റ് അടിച്ചതോടെ അവിടെ നിന്നും ഒട്ടേറെ സഞ്ചാരികളാണ് ഗുണ കേവ്സ് കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്. 1991ല്‍ കമല്‍ ഹാസന്‍ ചിത്രമായ ‘ഗുണ’ പുറത്തിറങ്ങിയതോടെയാണ് ഈ ഗുഹകള്‍ക്ക് ഗുണ കേവ്സ് എന്ന പേര് വരുന്നത്.