മാനസിക സമ്മര്‍ദം ഉള്ളപ്പോള്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെ ചെറുക്കാന്‍ കൊക്കോ, ഗ്രീന്‍ ടീ പോലെ ഫ്‌ലേവനോളുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് സാധിക്കുമെന്ന് പഠനം. ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ സമ്മര്‍ദം നേരിടുന്ന സമയത്ത് രക്തധമനികളെ ബാധിക്കുകയും തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ വിതരണം ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ സ്‌ട്രെസ്, കൊഴുപ്പ് ഉപഭോഗം എന്നിവയെത്തുടര്‍ന്ന് രക്തക്കുഴലുകളുടെ പ്രവര്‍ത്തനം കുറയുന്നത് തടയാന്‍ ഉയര്‍ന്ന ഫ്‌ലേവനോളുകള്‍ അടങ്ങിയ കൊക്കോ പാനീയം, ഗ്രീന്‍ ടീ എന്നിവ ഫലപ്രദമാണെന്ന് യുകെയിലെ ബിര്‍മിന്‍ഗാം സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ മാനസിക പിരിമുറക്കമുള്ളപ്പോള്‍ തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ വിതരണത്തെ ദുര്‍ബലപ്പെടുത്തുമെന്ന് മുന്‍ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഫ്‌ലേവനോളുകള്‍ തലച്ചോറിലെ ഓക്‌സിജന്റെ അളവ് മെച്ചപ്പെടുത്തുകയോ ഒരാളുടെ മാനസികാവസ്ഥയെ ബാധിക്കുകയോ ചെയ്യുന്നതായി കണ്ടെത്തിയില്ലെങ്കിലും ഫ്‌ലേവനോളുകള്‍ അടങ്ങിയ ഭക്ഷണം കുടിക്കുകയോ കഴിക്കുകയോ ചെയ്യുന്നത് വാസ്‌കുലര്‍ സിസ്റ്റത്തില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ആഘാതങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കുമെന്ന് പഠനത്തില്‍ പറയുന്നു. മാനസിക പിരിമുറം ഉള്ളപ്പോള്‍ ഏത് തരം ഭക്ഷണം കഴിക്കണമെന്ന് നമ്മളെ ബോധവന്മാരാക്കാന്‍ ഈ പഠനം സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.