സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിനെ മെരുക്കാന്‍ ഒരു കപ്പ് ഗ്രീന്‍ ടീ മതി. നിരവധി പോഷകഗുണങ്ങള്‍ ഉള്ള ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യത്തെ മാത്രമല്ല സ്ട്രെസ് അകറ്റിനിര്‍ത്താനും സഹായിക്കും. ഉത്കണ്ഠ, പിരിമുറുക്കം തുടങ്ങിയ അവസ്ഥകളില്‍ അഡ്രീനല്‍ ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് കോര്‍ട്ടിസോള്‍. ഇത് ശരീരത്തെ ഫൈറ്റ് ഓര്‍ ഫ്ലൈറ്റ് മോഡില്‍ തയ്യാറാക്കുന്നു. കോര്‍ട്ടിസോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടുകയും പ്രതിരോധശേഷി അടിച്ചമര്‍ത്തുകയും ചെയ്യുന്നു. അതിജീവനത്തിന് കോര്‍ട്ടിസോള്‍ അത്യന്താപേക്ഷിതമാണെങ്കിലും പതിവായി കോര്‍ട്ടിസോളിന്റെ അളവു ഉയരുന്നത് ആരോഗ്യത്തിന് ദോഷമാണ്. കോര്‍ട്ടിസോളിന്റെ അമിതമായ അളവ് ശരീരഭാരം വര്‍ധിപ്പിക്കാനും രക്തസമ്മര്‍ദം വര്‍ധിപ്പിക്കാനും മാനസികാവസ്ഥ മോശമാക്കാനും കാരണമാകുന്നു. ആന്റിഓക്സിഡന്റുകളാലും ബയോആക്ടീവ് കെമിക്കലുകളാലും സമ്പന്നമായ ഗ്രീന്‍ ടീ സ്ട്രെസ് ഹോര്‍മോണിന്റെ അളവു കുറയ്ക്കാന്‍ സഹായിക്കും. തലച്ചോറിലെയും ശരീരത്തിലെയും റിസപ്റ്ററുകളുമായി ബന്ധിപ്പിക്കുന്ന ആന്റിഓക്സിഡന്റുകളായ കാറ്റെച്ചിനുകള്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. കോര്‍ട്ടിസോളിന്റെ ഉത്പാദനം ഉള്‍പ്പെടെയുള്ള സമ്മര്‍ദ പ്രതികരണത്തെ നിയന്ത്രിക്കുന്നതില്‍ ഈ റിസപ്റ്ററുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഈ റിസപ്റ്ററുകളുമായി ഇടപഴകുന്നതിലൂടെ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാന്‍ കാറ്റെച്ചിനുകള്‍ സഹായിക്കും. കൂടാതെ ഗ്രീന്‍ ടീയില്‍ എല്‍-തിയനൈന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശാന്തമാകാന്‍ പ്രോത്സാഹിപ്പിക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യുന്നു. കോര്‍ട്ടിസോള്‍ ഉണ്ടാക്കുന്ന സമ്മര്‍ദത്തെ പ്രതിരോധിക്കാന്‍ എല്‍-തിയനൈന്‍ സഹായിക്കും. ഇത് കൂടുതല്‍ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. എന്നാലും ഗ്രീന്‍ ടീയുടെ അളവ്, ഗുണമേന്മ, ജനിതകം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ പലരിലും ഫലങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.