താൽകാലിക വിസിയെ മാറ്റാൻ ഹൈക്കോടതി നിർദേശിച്ചിട്ടില്ലെന്നും, താൻ ആരിൽ നിന്നും നിയമോപദേശം തേടിയിട്ടില്ലെന്നും, സർക്കാർ തന്ന പട്ടികയെ സംബന്ധിച്ച് തിരുവനന്തപുരത്ത് എത്തിയതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും കേരളം തടസ ഹർജി നൽകിയത് അവരുടെ കാര്യമാണെന്നും കെടിയു വി സി നിയമനത്തിൽ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
കെ ടി യു വി സി നിയമനത്തിൽ സർക്കാരിന് പാനൽ നൽകാമെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. വിസി നിയമനത്തിന് കഴിഞ്ഞ ദിവസമാണ് സർക്കാർ മൂന്ന് അംഗ പാനൽ നൽകിയത്. നിയമനത്തിന് സർക്കാരിന് പാനൽ നൽകാം എന്ന ഹൈക്കോടതി ഉത്തരവ് അനുസരിച്ചായിരുന്നു നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. വൃന്ദ വി നായർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ ബൈജു ഭായ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. സതീഷ് കുമാർ എന്നിവരുടെ പേര് അടങ്ങിയ പാനൽ ആണ് നൽകിയത്.