മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ പിക്സല്‍ 8എ ഇന്ത്യയില്‍ അവതരിപ്പിച്ചു. എ സീരിസിലെ പുതിയ സ്മാര്‍ട്ട്ഫോണ്‍ ടെന്‍സര്‍ ജിത്രീ ചിപ്സെറ്റ് സാങ്കേതികവിദ്യയോടെയാണ് അവതരിപ്പിക്കുന്നത്. 6.1 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഒഎല്‍ഇഡി എച്ച്ഡിആര്‍ ഡിസ്‌പ്ലേ, 120ഹെര്‍ട്‌സ് റിഫ്രഷ് നിരക്ക്, 2,000 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്നെസ്, മുന്‍വശത്ത് കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം തുടങ്ങിയ ഫീച്ചറുകളോടെയാണ് ഫോണ്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുക. ഡ്യുവല്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ഫോണ്‍ വരുന്നത്. 64 എംപി പ്രൈമറി സെന്‍സറും 13 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സും ഇതില്‍ ഉള്‍പ്പെടുന്നു. 8ജിബി റാം/128ജിബി സ്റ്റോറേജ് വേരിയന്റിന് ഇന്ത്യയില്‍ 52,999 രൂപയാണ് വില. 8ജിബി റാം/256 ജിബി സ്റ്റോറേജ് വേരിയന്റിന് 59,999 രൂപ നല്‍കണം. ഫോണ്‍ നിലവില്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. മെയ് 14 ന് രാവിലെ 6.30 ന് ഇത് വില്‍പ്പനയ്‌ക്കെത്തും. ഗൂഗിളിന്റെ ബില്‍റ്റ്-ഇന്‍ അക അസിസ്റ്റന്റായ ജെമിനിയുമായാണ് ഫോണ്‍ വരുന്നത്. വിവിധ ജോലികള്‍ക്കായി ചിത്രങ്ങള്‍ ടൈപ്പ് ചെയ്യാനും സംസാരിക്കാനും ചേര്‍ക്കാനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു. കൂടാതെ, ആപ്പുകള്‍ മാറാതെ തന്നെ വിവരങ്ങള്‍ വേഗത്തില്‍ കണ്ടെത്താന്‍ സര്‍ക്കിള്‍ ടു സെര്‍ച്ച് ഫീച്ചര്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നു. എന്താണ് നോക്കുന്നതെന്ന് തിരയാന്‍ ഒരു ചിത്രത്തിലോ ടെക്സ്റ്റിലോ വീഡിയോയിലോ വിരല്‍ ഉപയോഗിച്ച് വൃത്താകൃതിയിലാക്കി തിരയാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ടാപ്പ് ചെയ്തും വിവരങ്ങള്‍ അറിയാം.