ജനുവരി 15 മുതല്‍ വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 എന്നിവയുള്ള പിസികളില്‍ ഗൂഗിളിന്റെ ജനപ്രിയ ബ്രൗസര്‍ ക്രോം പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ക്രോമിന്റെ പുതിയ പതിപ്പുകള്‍ ഉപയോഗിക്കുന്നത് തുടരാന്‍ വിന്‍ഡോസ് 10, വിന്‍ഡോസ് 11 ഉള്ള പുതിയ സിസ്റ്റം ലഭ്യമാക്കേണ്ടി വരും. 2023 ഫെബ്രുവരി 7ന് പുറത്തിറക്കുന്ന ഗൂഗിള്‍ ക്രോം വി110 ന്റെ റിലീസിന് ശേഷം സേവനങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കും. വിന്‍ഡോസ് 7 ഇഎസ്യു, വിന്‍ഡോസ് 8.1 എന്നിവയ്ക്കുള്ള സപ്പോര്‍ട്ടും മൈക്രോസോഫ്റ്റും നിര്‍ത്തുകയാണ്. അതേസമയം, വിന്‍ഡോസ് 7, 8.1 എന്നിവയുള്ള പിസി-കളില്‍ ക്രോമിന്റെ പഴയ പതിപ്പുകള്‍ പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് കമ്പനി വ്യക്തമാക്കി. എന്നാല്‍ ബ്രൗസറിന് അപ്ഡേറ്റുകളൊന്നും ലഭിക്കില്ല. വിന്‍ഡോസ് 7 ഇഎസ്യു, വിന്‍ഡോസ് 8.1 എന്നിവയ്ക്കുള്ള സപ്പോര്‍ട്ട് 2023 ജനുവരി 15 ന് മൈക്രോസോഫ്റ്റ് അവസാനിപ്പിക്കുമെന്ന് നേരത്തേ അറിയിച്ചിരുന്നു. വിന്‍ഡോസ് 11 ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള പുതിയ പിസി വാങ്ങാനാണ് മൈക്രോസോഫ്റ്റ് ഉപയോക്താക്കളോട് ശുപാര്‍ശ ചെയ്യുന്നത്. വിന്‍ഡോസ് 8.1ല്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ എതെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ സാങ്കേതിക പിന്തുണ നല്‍കില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.