സംസ്ഥാനത്ത് ലക്ഷം രൂപ കടന്ന പവന്‍ വില തുടര്‍ച്ചയായ മുന്നേറ്റത്തിലാണ്. ഇന്ന് ഗ്രാമിന് 70 രൂപ വര്‍ധിച്ച് 12,835 രൂപയും പവന് 560 രൂപ ഉയര്‍ന്ന് 1,02,680 രൂപയുമായി. ഇതോടെ ഡിസംബറില്‍ ഇതു വരെ പവന്‍ വിലയിലുണ്ടായത് 7,000 രൂപയുടെ വര്‍ധന. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,508 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വിവാഹ സീസണ്‍ അടുത്തുവരുന്നതും ആഗോള ട്രെന്‍ഡുകളും ചേരുന്നതോടെ വരും ദിവസങ്ങളിലും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണവിലയില്‍ വര്‍ധനയ്ക്ക് ഇടയാക്കിയേക്കും. 18 കാരറ്റിന് ഗ്രാമിന് 55 രൂപ വര്‍ധിച്ച് 10,550 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 8,220 രൂപയും ഒമ്പത് കാരറ്റിന് ഗ്രാമിന് 5,300 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വിലയും വന്‍ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്. ഇന്ന് ഗ്രാമിന് 12 രൂപ വര്‍ധിച്ച് 240 രൂപയിലെത്തി. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് ഒരുപവന്‍ സ്വര്‍ണാഭരണത്തിന് 1,11,204 രൂപയാകും. ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വ്യത്യാസമുണ്ടാകും.
കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില, പവന് 1,02,680 രൂപ!
