അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക് വര്‍ധിച്ചതോടെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. യു.എസ് ഫെഡറല്‍ റിസര്‍വ് യോഗത്തിന്റെ മിനിറ്റ്സ് പുറത്തു വരുന്നതും ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ വെള്ളിയാഴ്ച നടത്തുന്ന പ്രഭാഷണവും സ്വര്‍ണവിലയില്‍ നിര്‍ണായകമാകും. സംസ്ഥാനത്തെ സ്വര്‍ണവില ഗ്രാമിന് 55 രൂപ കുറഞ്ഞ് 9,180 രൂപയിലെത്തി. പവന് 440 രൂപ കുറഞ്ഞ് 73,440 രൂപയിലുമെത്തി. ട്രംപിന്റെ താരിഫ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്വര്‍ണവില ഈ മാസം എട്ടിന് പവന് 75,760 രൂപയിലെത്തിയിരുന്നു. 12 ദിവസം പിന്നിട്ടപ്പോള്‍ ഒരു പവന്‍ സ്വര്‍ണത്തില്‍ കുറഞ്ഞത് 2,320 രൂപ. ഓഗസ്റ്റിന്റെ തുടക്കത്തില്‍ പവന് 73,200 രൂപയായിരുന്നു വില. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞ് 7,535 രൂപയിലെത്തി. 14 കാരറ്റിന് ഗ്രാമിന് 5,685 രൂപയും 9 കാരറ്റിന് 3,780 രൂപയുമാണ് വില. വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. ഗ്രാമിന് 122 രൂപയിലാണ് ഇന്നത്തെയും വ്യാപാരം.