സ്വര്‍ണവില ഇന്നും പുത്തന്‍ റെക്കോഡില്‍. ഗ്രാമിന് 85 രൂപ ഉയര്‍ന്ന് വില 6,360 രൂപയായി. 680 രൂപ വര്‍ധിച്ച് 50,880 രൂപയാണ് പവന്‍വില. രണ്ടും കേരളത്തിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയാണ്. കഴിഞ്ഞമാസം 29ന് കുറിച്ച ഗ്രാമിന് 6,300 രൂപയും പവന് 50,400 രൂപയുമെന്ന റെക്കോഡാണ് ഇന്ന് പഴങ്കഥയായത്. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് ഗ്രാമിന് 75 രൂപ വര്‍ധിച്ച് എക്കാലത്തെയും ഉയരമായ 5,315 രൂപയിലെത്തി. ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 82 രൂപയാണ് വെള്ളിവില. ഇതും റെക്കോഡാണ്. ആഗോളതലത്തില്‍ ഡിമാന്‍ഡ് ഏറിയതോടെ രാജ്യാന്തരവിലയും പുതിയ ഉയരത്തിലേക്ക് കുതിക്കുകയാണ്. ഒരുമാസം മുമ്പുവരെ ഔണ്‍സിന് 1,981 ഡോളര്‍ നിരക്കിലായിരുന്ന രാജ്യാന്തരവില ഇന്നുള്ളത് 2,259 ഡോളറിലാണ്. ഇന്നുമാത്രം 15 ഡോളര്‍ ഉയര്‍ന്നു. ഇതിന് ആനുപാതികമായാണ് കേരളത്തിലെ വിലയും കൂടിയത്. കഴിഞ്ഞവാരാന്ത്യത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതുമൂലം ഇറക്കുമതിച്ചെലവിലുണ്ടായ വര്‍ധനയും ആഭ്യന്തരവില കൂടാനിടയാക്കി. ഇന്നൊരു പവന്‍ ആഭരണം വാങ്ങാന്‍ 55,082 രൂപയെങ്കിലും കൊടുക്കേണ്ട സാഹചര്യമാണ് കേരളത്തിലുള്ളത്. 50,880 രൂപയാണ് ഒരു പവന്‍ വില. ഇതിനൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്ന ഹോള്‍മാര്‍ക്ക് ഫീസ്, ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി എന്നിവ ചേരുമ്പോഴാണ് ഒരു പവന്‍ ആഭരണത്തിന് വില 55,000 രൂപ കടക്കുന്നത്. അതേസമയം, മനസ്സിനിഷ്ടപ്പെട്ട മികച്ച ഡിസൈനുകളുള്ള സ്വര്‍ണാഭരണങ്ങളാണ് വാങ്ങാന്‍ ശ്രമിക്കുന്നതെങ്കില്‍, ഡിസൈന് അനുസരിച്ച് പണിക്കൂലിയും കൂടൂം. അത്തരം ആഭരണങ്ങള്‍ക്ക് 20-30 ശതമാനം വരെ പണിക്കൂലിയും ഉണ്ടാകും. അത്തരം ആഭരണങ്ങള്‍ക്ക് വില 60,000 രൂപയ്ക്കും മേലെയായിരിക്കും.