കേരളത്തില്‍ പവന്‍വില ആദ്യമായി 50,000 രൂപ എന്ന നാഴികക്കല്ല് ഭേദിച്ചു. ആഭരണപ്രേമികളെയും വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷാവശ്യങ്ങള്‍ക്കായി സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവരെയും നിരാശയിലാഴ്ത്തി വില ഇന്ന് പവന് ഒറ്റയടിക്ക് 1,040 രൂപ ഉയര്‍ന്ന് 50,400 രൂപയിലെത്തി. 130 രൂപ വര്‍ധിച്ച് 6,300 രൂപയാണ് ഗ്രാം വില. ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളത്തില്‍ ഒറ്റയടിക്ക് സ്വര്‍ണവില പവന് 1,000 രൂപയിലധികവും ഗ്രാമിന് 100 രൂപയിലധികവും ഒറ്റദിവസം കൂടുന്നത്. മൂന്ന് ദിവസംകൊണ്ട് 1,400 രൂപയുടെ വര്‍ധനയാണ് സംഭവിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ 21ന് കുറിച്ച ഗ്രാമിന് 6,180 രൂപയും പവന് 49,440 രൂപയും എന്ന റെക്കോഡാണ് പഴങ്കഥയായത്. ഔണ്‍സിന് 2,170 ഡോളര്‍ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വര്‍ണവില ഇന്ന് സകല റെക്കോഡുകളും തൂത്തെറിഞ്ഞ് 2,234 ഡോളറെന്ന റെക്കോഡിലെത്തി. ഇത് ഇന്ത്യയിലെ വിലയും കുതിച്ചുയരാന്‍ വഴിയൊരുക്കുകയായിരുന്നു. ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം താഴുകകൂടി ചെയ്തതും ആഭ്യന്തര സ്വര്‍ണവില കൂടാനുള്ള ആക്കംകൂട്ടി. ഡോളറിലാണ് സ്വര്‍ണത്തിന്റെ രാജ്യാന്തര വ്യാപാരം. ഇന്ന് ഒരു പവന് കേരളത്തിലെ വില 50,400 രൂപയാണ്. ഈ വിലയ്ക്കൊപ്പം മൂന്ന് ശതമാനം ജി.എസ്.ടി., 45 രൂപ എച്ച്.യു.ഐ.ഡി (ഹോള്‍മാര്‍ക്ക്) ഫീസും അതിന്റെ 18 ശതമാനം ജി.എസ്.ടിയും, പിന്നെ ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ക്കണം. അപ്പോള്‍ ഏതാണ് 54,600 രൂപയെങ്കിലും കൊടുത്താലെ ഒരുപവന്‍ സ്വര്‍ണം വാങ്ങാനാകൂ. അതായത് 4,200 രൂപയെങ്കിലും അധികമായി കൈയില്‍ കരുതണം.