സംസ്ഥാനത്ത് സ്വര്‍ണ വിലക്കുതിപ്പ് തുടരുന്നു. ഒറ്റയടിക്ക് ഗ്രാമിന് 120 രൂപ വര്‍ധിച്ച് 7,730 രൂപയും പവന് 960 രൂപ വര്‍ധിച്ച് 61,840 രൂപയുമായി. ഈ മാസം 4,640 രൂപയുടെ വര്‍ധനയാണ് സ്വര്‍ണ വിലയിലുണ്ടായത്. അന്താരാഷ്ട്ര സ്വര്‍ണ വിലയും റെക്കോഡിലാണ്. ഇന്ന് ഔണ്‍സിന് 2,799.60 ഡോളര്‍ വരെ എത്തി. ഇന്നലെ ഒറ്റയടിക്ക് 1.40 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. യു.എസ് സാമ്പത്തിക രംഗം മാന്ദ്യത്തിലേക്കെന്ന സൂചനകള്‍ പുറത്തുവന്നതാണ് സ്വര്‍ണത്തെ ഉയര്‍ത്തിയത്. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 100 രൂപ ഉയര്‍ന്ന് 6,385 രൂപയെത്തി. ആദ്യമായി 18 കാരറ്റ് സ്വര്‍ണവില പവന് 51,000 രൂപയും കടന്നു. വെള്ളി വില വീണ്ടും സെഞ്ച്വറി ഭേദിച്ചു. ഇന്ന് ഗ്രാമിന് 101 രൂപയിലാണ് വ്യാപാരം. കഴിഞ്ഞയാഴ്ചയാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു സ്വര്‍ണവില. 31 ദിവസത്തിനിടെ 4500 രൂപയാണ് വര്‍ധിച്ചത്.