സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോഡില്‍. ഗ്രാമിന് ഒറ്റയടിക്ക് 80 രൂപ കയറി ഇന്ന് വില 6,840 രൂപയായി. 640 രൂപ വര്‍ധിച്ച് 54,720 രൂപയാണ് പവന്‍വില. കഴിഞ്ഞ ഏപ്രില്‍ 19ന് കുറിച്ച ഗ്രാമിന് 6,815 രൂപയും പവന് 54,520 രൂപയും എന്ന റെക്കോഡ് ഇനി പഴങ്കഥ. ഈ മാസം ഇതുവരെ മാത്രം കേരളത്തില്‍ പവന് കൂടിയത് 2,280 രൂപയാണ്; ഗ്രാമിന് 285 രൂപയും ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില കുതിച്ചുകയറി. ഗ്രാമിന് 70 രൂപ ഉയര്‍ന്ന് വില 5,700 രൂപയെന്ന പുതിയ ഉയരം കുറിച്ചു. വെള്ളിവിലയും ഇന്ന് സര്‍വകാല ഉയരത്തിലെത്തി. ഗ്രാമിന് 4 രൂപ വര്‍ധിച്ച് വില 96 രൂപയായി. ഇന്നലെ ചൈനീസ് കേന്ദ്രബാങ്കായ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന പ്രഖ്യാപിച്ച രക്ഷാപ്പാക്കേജ് അന്താരാഷ്ട്ര സ്വര്‍ണവിലയ്ക്ക് കൂടുതല്‍ കുതിപ്പേകി. ഏറെക്കാലമായി സമ്പദ്പ്രതിസന്ധിയിലുള്ള രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ കരകയറ്റാനുള്ള 300 ബില്യണ്‍ യുവാന്റെ രക്ഷാപ്പാക്കേജാണ് പ്രഖ്യാപിച്ചത്. പ്രതിസന്ധിയിലകപ്പെട്ട റിയല്‍ എസ്റ്റേറ്റ് കമ്പനികളില്‍ നിന്ന് പ്രോപ്പര്‍ട്ടികള്‍ വാങ്ങാന്‍ തദ്ദേശ ഭരണകൂടങ്ങളെ സഹായിക്കുന്ന പാക്കേജാണിത്. ഇതുവഴി റിയല്‍ എസ്റ്റേറ്റ് മേഖലയെ കരകയറ്റാമെന്ന് ബാങ്ക് കരുതുന്നു. ഇത് സ്വര്‍ണമടക്കം എല്ലാ ലോഹങ്ങളുടെയും വിലക്കുതിപ്പിന് വഴിയൊരുക്കുകയായിരുന്നു. ചൈനീസ് കേന്ദ്രബാങ്കും നിക്ഷേപകരും സുരക്ഷിത നിക്ഷേപമെന്നോണം സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും വിലക്കയറ്റത്തിന് ആക്കംകൂട്ടി. രാജ്യാന്തര സ്വര്‍ണവില ഒറ്റയടിക്ക് ട്രോയ് ഔണ്‍സിന് 35.69 ഡോളര്‍ വര്‍ധിച്ച് 2,413.93 ഡോളറിലുമെത്തിയത് കേരളത്തിലെ വിലയെയും സ്വാധീനിച്ചു. മാത്രമല്ല, ഡോളര്‍ ഉയര്‍ന്നതലത്തില്‍ തുടരുന്നതും സ്വര്‍ണവില കയറാന്‍ കളമൊരുക്കി.