സംസ്ഥാനത്ത് ഇന്നും പുതിയ ഉയരം കുറിച്ച് സ്വര്‍ണ വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7,120 രൂപയിലെത്തി. പവന്‍ വില 80 രൂപ വര്‍ധിച്ച് 56,960 രൂപയുമായി. 57,000 തൊടാന്‍ ഇനി 40 രൂപയുടെ അകലം മാത്രമാണ് സ്വര്‍ണവിലയ്ക്ക് ഉള്ളത്. ഇന്നലെ കുറിച്ച റെക്കോഡാണ് സ്വര്‍ണം ഇന്ന് തിരുത്തിയെഴുതിയത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് കേരളത്തില്‍ സ്വര്‍ണ വില മുന്നേറ്റം കാഴ്ച വെക്കുന്നത്. ചൊവ്വാഴ്ച ഒറ്റയടിക്ക് ഗ്രാമിന് 50 രൂപ കയറിയ സ്വര്‍ണ വില ഇന്നലെയും ഇന്നും 10 രൂപ വീതവും ഉയര്‍ന്നു. അതായത്, മൂന്നു ദിവസം കൊണ്ട് പവന്‍ വിലയില്‍ 560 രൂപയുടെ വര്‍ധന. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് വരുന്നത്.ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വില ഇന്ന് 5 രൂപ കൂടി ഗ്രാമിന് 5,885 രൂപയിലെത്തി. വെള്ളി വില ഇന്ന് ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 100 രൂപയെത്തി. ഇത് രണ്ടാം തവണയാണ് വെള്ളി വില കേരളത്തില്‍ നൂറു രൂപയിലെത്തുന്നത്.