ഏതു കാറിനെയും മിനിറ്റുകള്‍ക്കുള്ളില്‍ സ്മാര്‍ട് വാഹനമാക്കി മാറ്റാവുന്ന ഉപകരണവുമായി ജിയോ. ജിയോമോട്ടീവ് എന്ന് പേരിട്ടിരിക്കുന്ന ഈ ഉപകരണം വാഹനത്തിന്റെ ഒബിഡിയുമായി (ഓണ്‍ ബോര്‍ഡ് ഡയഗ്‌നോസ്റ്റിക്) ഘടിപ്പിച്ചാല്‍ കാര്‍ സ്മാര്‍ട്ടായി. വാഹന സുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഡ്രൈവിങ് അനുഭവം മെച്ചപ്പെടുത്താനുമായി രൂപകല്‍പന ചെയ്തിരിക്കുന്ന വിപുലമായ സവിശേഷതകളോടെയാണ് ഈ നൂതന ഉല്‍പന്നം വിപണിയില്‍ എത്തിയത്. ഭൂരിഭാഗം പുതുതലമുറ വാഹനങ്ങളിലും ഘടിപ്പിക്കാവുന്ന ജിയോമോട്ടീവ് സ്റ്റീയറിങ്ങിനു താഴെയുള്ള ഒബിഡി പോര്‍ട്ടില്‍ ഘടിപ്പിക്കാം. ഫോണ്‍ നെറ്റ്വര്‍ക്കുമായി നേരിട്ട് ബന്ധപ്പെടുത്തിയിരിക്കുന്ന ജിയോമോട്ടീവില്‍ തല്‍സമയ 4ജി ജിയോ ട്രാക്കിങ് ഉണ്ട്. വാഹനം എവിടെയാണെന്നും എവിടേക്ക് നീങ്ങുന്നുവെന്നും ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ തുടര്‍ച്ചയായി സ്മാര്‍ട്‌ഫോണിലേക്കും ബന്ധപ്പെടുത്തിയിരിക്കുന്ന അക്കൗണ്ടുകളിലേക്കും ലഭിക്കും. ബാറ്ററിയുടെ അവസ്ഥ, എന്‍ജിന്റെ പ്രവര്‍ത്തനം തുടങ്ങി വാഹനത്തിന്റെ പ്രവര്‍ത്തനവും പെര്‍ഫോമന്‍സും നിരീക്ഷിച്ച് ആവശ്യമായ ഡേറ്റയും ഉപകരണം നല്‍കും. കൂടാതെ ഡ്രൈവിങ് പെര്‍ഫോമന്‍സ് അനാലിസിലൂടെ ഡ്രൈവിങ് ഹാബിറ്റും അറിയാന്‍ സാധിക്കും. മോഷണമോ അപകടമോ ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ഉടമയ്ക്ക് അലര്‍ട്ട് ലഭിക്കും. ആന്റി തെഫ്റ്റ് ആക്‌സിഡന്റ് സാഹചര്യങ്ങളില്‍ പ്രതികരിക്കാനുള്ള ക്രമീകരണവും ഉപകരണത്തിലുണ്ട്. മാത്രമല്ല, വാഹനത്തിലെ കണക്ടിവിറ്റിക്ക് കൂടുതല്‍ മികവ് ലഭിക്കാന്‍ ബില്‍റ്റ് ഇന്‍ വൈഫൈ സന്നാഹവും ഇതിലുണ്ട്.